ആലപ്പുഴ വിദ്യാലയങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന ദുരനുഭവങ്ങൾ സംബന്ധിച്ച് പരാതി നൽകുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുടെ സഹകരണത്തോടെയാണ് ‘ബേട്ടി പെട്ടി’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചത്. സ്കൂളുകളിൽ വിദ്യാർത്ഥിനികൾ നേരിടുന്ന ദുരനുഭവങ്ങൾ എഴുതി പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം. ഇത് പിന്നീട് ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. പരാതി രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.
ബേട്ടി പെട്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിയമ സേവന അതോറിറ്റി സീനിയർ സിവിൽ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. പ്രഥമാധ്യാപിക ഫാൻസി വി. അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സീമ. എസ് ബോധവൽക്കരണ ക്ളാസ് നയിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ സുനീഷ. എസ്, സിജോയ് തോമസ്, അധ്യാപിക നിഷ, ലീഗൽ സർവീസസ് അതോറിറ്റി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബി. ബിന്ദു ഭായ്, ഷെബ്നാ ഷരീഫ് എന്നിവർ പ്രസംഗിച്ചു.