Site iconSite icon Janayugom Online

താങ്ങുവില നിഷേധം ജനവഞ്ചന

കർഷകരുടെ ആവശ്യങ്ങൾ അതിന്റെ പൂർണതയിൽ ഇനിയും നടപ്പാക്കിയിട്ടില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം പാർലമെന്റിൽ പൂർത്തിയാക്കിയത് എല്ലാ ചർച്ചകൾക്കും അനുമതി നിഷേധിച്ചുകൊണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ നടപടികൾ അവസാനിപ്പിച്ചു. കോവിഡ് മഹാമാരിയിൽ ഒരാഴ്ച മാത്രം നടന്ന വർഷകാല സമ്മേളനത്തിൽ, പ്രതിദിനം 2.7 ബില്ലുകൾ എന്ന ക്രമത്തിൽ ആകെ പാസാക്കിയെടുത്തത് 25 ബില്ലുകളായിരുന്നു. ഇൻഷുറൻസ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾക്കൊണ്ടിരുന്നു. ഈ ബില്ലുകള്‍ ഓരോന്നും ജനാധിപത്യത്തെ ദുർബലമാക്കുന്നതായിരുന്നു. ബില്ലുകൾക്കൊന്നും ചർച്ച അനുവദിച്ചില്ല. ആരവങ്ങൾക്കിടെ ശബ്ദവോട്ടോടെ ഇവ ചുട്ടെടുക്കുന്നതുപോലെ പാസാക്കിയെടുക്കുകയായിരുന്നു. വന്യമായ ഇടപെടലിലൂടെ എല്ലാ എതിർപ്പുകളെയും പാർലമെന്റിൽ ഇല്ലാതാക്കാൻ പരിശ്രമിച്ചു. പ്രതിഷേധം ഉയർത്തിയവരിൽ പന്ത്രണ്ടുപേരെ രാജ്യസഭയിൽ ശീതകാല സമ്മേളനത്തിൽ നിന്ന് വിലക്കുകയും ചെയ്തു. ധർണ പിൻവലിക്കാൻ വിസമ്മതിച്ച് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചർച്ചയില്ലാതെയുള്ള അസാധുവാക്കൽ പ്രഖ്യാപനം ഏകപക്ഷീയമെന്ന് വിശദീകരിച്ചു. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന പ്രക്ഷോഭത്തിൽ നഷ്ടപ്പെട്ടത് എഴുനൂറിലധികം സഖാക്കളെയാണ്. എല്ലാ കഷ്ടപ്പാടിലും പ്രക്ഷോഭപാതയിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്, കത്തിൽ ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ലഖ്നൗവിലെ മഹാപഞ്ചായത്തിൽ, ലഖിംപുർ ഖേരിയിൽ രക്തസാക്ഷിത്വം വരിച്ച കർഷകരുടെ കുടുംബങ്ങളെ ആദരിച്ചു. പിന്മാറാൻ തയാറല്ലെന്ന സന്ദേശമായിരുന്നു ഇവിടെ കർഷകർ വ്യക്തമാക്കിയത്. കാർഷിക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളെ തുടർന്നും കർഷകർക്കൊപ്പം അണിചേരുന്നവരുടെ ഒഴുക്ക് പെരുംഗതിയിലാണ്. വീട്ടമ്മമാര്‍, യുവാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങി വലിയൊരു നിരയുടെ ഐക്യദാർഢ്യം. കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുക, എല്ലാ കാർഷിക ഉല്പന്നങ്ങൾക്കും സംഭരണം സജ്ജമാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ഡൽഹി വായു ഗുണനിലവാര നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാനടപടികളുടെ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, അജയ് മിശ്രയെ കേന്ദ്ര മന്ത്രി സഭയിൽ നിന്നും ഒഴിവാക്കി വിചാരണയ്ക്ക് വിധേയമാക്കുക, രക്തസാക്ഷി കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, രക്തസാക്ഷികളുടെ പേരിൽ സിംഘു അതിർത്തിയിൽ സ്മാരകം ഉയർത്തുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; പ്രധാനമന്ത്രിയുടെ ക്ഷമാപണമല്ല താങ്ങുവിലയാണ് വേണ്ടത്: ടികായത്


 

കർഷകരോട് വീട്ടിലേക്ക് മടങ്ങാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഉൾക്കൊള്ളുന്നതായി കത്തിൽ കർഷകർ വ്യക്തമാക്കുന്നു. എന്നാൽ കുടുംബത്തിലേക്കും കൃഷിയിലേക്കും തിരിച്ചുപോകാൻ ഉതകുന്ന വിധം അവശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച ആരംഭിക്കണം. പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കർഷകർ ധർണയിൽ നിന്ന് പിന്മാറില്ല. കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ വരുമാനം ഉറപ്പാക്കാൻ എംഎസ്‌പി നടപ്പാക്കേണ്ടതുണ്ട്. ആറ് പതിറ്റാണ്ടുകളായി എംഎസ്‌പി വാഗ്ദാനമായി നിലനിൽക്കുകയാണ്. നിയമപരമായ ഉറപ്പായി ഇനിയും മാറിയിട്ടില്ല. ഇടനിലക്കാരും കോർപറേറ്റ് കുത്തകകളും കർഷകരിൽ നിന്ന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങുകയും ഉപഭോക്താക്കളിൽ നിന്ന് വൻ വില ഈടാക്കുകയും ചെയ്യുകയാണ്. ചെലവിന്റെ ഭൂരിഭാഗവും സ്വകാര്യ വ്യാപാരികൾ വഹിക്കണം, അഖിലേന്ത്യ കിസാൻ സഭ വ്യക്തമാക്കുന്നു. കർഷകരിൽ നിന്ന് എംഎസ്‌പിയേക്കാൾ കുറഞ്ഞ നിരക്കിൽ ഉല്പന്നങ്ങൾ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം ഇടതുപക്ഷ‑അനുകൂല കർഷക യൂണിയനുകൾ നിർദ്ദേശിക്കുന്നു. ഈ നിയമം സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും ബാധകമാകണം. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വാതന്ത്ര്യവും വ്യവസ്ഥാപിതമായ 114 രാജ്യങ്ങളുടെ ആഗോള പട്ടികയിൽ 101 ആണ് രാജ്യത്തിന്റെ സ്ഥാനം. അപകടകരമായ പട്ടിണി നിലവാരമാണിത് ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വാതന്ത്ര്യവും ജീവിതത്തിന്റെ നിലനിൽപ്പിൽ തന്നെ വേരൂന്നിയതാണ്, അവയെ നിഷേധിക്കാനുള്ള ഏതൊരു ശ്രമവും രാജ്യത്തെ ശ്മശാനസമാനമാക്കും. എംഎസ്‌പിയുമായി ബന്ധപ്പെട്ട് യഥാർത്ഥത്തിൽ വിലപേശൽ സാധ്യമല്ല, അതിന്റെ സാധുതയെക്കുറിച്ച് ഒരു ചർച്ചയും അനുവദിക്കാനാവില്ല. ഏകദേശം 130 കോടി പൗരന്മാരുടെ ജീവൻ നിലനിർത്താൻ കൃഷി തുടരുകയും ഭക്ഷണം ഉല്പാദിപ്പിക്കുകയും ചെയ്യേണ്ട കർഷകരെ എംഎസ്‌പിയുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പ് ആശങ്കപ്പെടുത്തുന്നു. കർഷകർ സമ്പാദിക്കുന്ന വരുമാനം അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഒരിക്കലും പര്യാപ്തമല്ല. കർഷകർ ഉല്പാദിപ്പിക്കുന്നത് ഭക്ഷണമാണ്. അതിനാൽ തന്നെ കർഷകരുടെ അതിജീവനം അനിവാര്യമാണ്. അവർക്ക് ഉയർന്ന സബ്സിഡി ഉറപ്പാക്കണം. ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിന് നിയമത്തിന്റെ പിൻബലം ഉണ്ടാകണം. പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ എംഎസ്‌പി നിയമവിധേയമാക്കണം. ഇതിൽ ഒരു ചർച്ച ആവശ്യമില്ല. എന്നാൽ സർക്കാരാകട്ടെ, കർഷകർക്ക് എംഎസ്‌പി ഉറപ്പുനൽകുന്ന ഒരു നിയമം വിപണിയെ നശിപ്പിക്കുമെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നു. 23 വിളകൾ സംഭരിക്കുകയും അവയ്ക്കുള്ള താങ്ങുവില നിയമവിധേയമാക്കുകയും ചെയ്യുന്നത് വിപണിയുടെ സന്തുലിതാവസ്ഥയെ തകർക്കുമെന്നും സ്വകാര്യ വ്യാപാരത്തെ ഇല്ലാതാക്കുമെന്നും പണപ്പെരുപ്പത്തിനും കാർഷിക കയറ്റുമതിയുടെ ഇടിവിനും കാരണമാകുമെന്നും സർക്കാർ വിശദീകരിക്കുന്നു. കർഷകർക്ക് എംഎസ്‌പി അനുവദിക്കുമെന്ന് സർക്കാർ പലതവണ പ്രഖ്യാപിച്ച സംഭവങ്ങളുണ്ട്. ഈ പ്രഖ്യാപനങ്ങൾ അവഗണിക്കാൻ കേന്ദ്രഭരണകൂടത്തിന് കഴിയുമോ? രാജ്യത്ത് കാർഷിക വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളിലെ 90 കോടി പൗരന്മാരോടുള്ള ജനവഞ്ചനയാണ് എംഎസ്‌പി നിഷേധം.

You may also like this video;

Exit mobile version