Site iconSite icon Janayugom Online

ടെക്നോപാർക്ക് ജീവനക്കാര്‍ക്ക് ഇനി ആശ്വാസം; കൂടുതല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

ടെക്നോപാർക്കിൽ നിന്നും കൂടുതല്‍ സർവീസുകളും പ്രതിദിന സർവീസുകളും ഒരുക്കി കെഎസ്ആര്‍ടിസി. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം-ടെക്നോപാർക്ക്-കണ്ണൂർ,തിരുവനന്തപുരം-ടെക്നോപാർക്ക്-കുമളി എന്നീ റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകൾ ഉള്ള പ്രീമിയം സൂപ്പർ ഫാസ്റ്റും, വിഴിഞ്ഞം-തിരുവനന്തപുരം- ടെക്നോപാർക്ക്-പാലക്കാട് സൂപ്പർഫാസ്റ്റും, പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-തൊടുപുഴ എസി ലോ ഫ്ലോർ ബസുമാണ് വെള്ളിയാഴ്ച വാരാന്ത്യ സർവീസ് നടത്തുന്നത്. കൂടാതെ പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-നെടുമ്പാശേരി റൂട്ടിൽ എസി ലോ ഫ്ലോർ പ്രതിദിന സർവീസും നടത്തും.

വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് തിരുവനന്തപുരത്തുനിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. ടെക്നോപാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ,പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, വണ്ടിപ്പെരിയാർ വഴി രാത്രി 11.45ന് കുമളി എത്തും. മടക്കയാത്ര തിങ്കളാഴ്ച പുലർച്ചെ 2.30ന് കുമളിയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ ഒമ്പതിന് ടെക്നോപാർക്കിൽ എത്തും. 

പാപ്പനംകോട്-തൊടുപുഴ റൂട്ടിൽ വാരാന്ത്യ സർവീസായ ലോഫ്ലോർ എസി ബസ് വൈകിട്ട് 5.10ന് പാപ്പനംകോട്നിന്നു പുറപ്പെടും കുളത്തൂർ, ഭവാനി, വെഞ്ഞാറമൂട് കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാലാ വഴിയാണു തൊടുപുഴ എത്തുക. കൊല്ലം, ആലപ്പുഴ വഴിയുള്ള കണ്ണൂർ- 5:50 നും കോട്ടയം വഴിയുള്ള പാലക്കാട് 6:00 മണിക്കും ടെക്നോപാർക്കിൽ നിന്ന് പുറപ്പെടും. പ്രതിദിന നെടുമ്പാശ്ശേരി സർവീസ് വൈകിട്ട് 5:30ന് പുറപ്പെടും.

Exit mobile version