Site iconSite icon Janayugom Online

ഭഗല്‍പ്പൂര്‍ വൈദ്യുത പദ്ധതി അഡാനിക്ക്; ബിഹാറിന് നഷ്ടം 62,000 കോടി

ബിഹാറിലെ ഭഗല്‍പ്പൂര്‍ വൈദ്യുത പദ്ധതി അഡാനി ഗ്രൂപ്പ് കമ്പനിക്ക് നല്‍കിയതിലൂടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 62,000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായി ആരോപണം. മുന്‍ കേന്ദ്ര ഊര്‍ജ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍ കെ സിങ്ങിന്റേതാണ് വെളിപ്പെടുത്തല്‍. ആര്‍ കെ സിങ് ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് ഭഗല്‍പ്പൂരിലെ 2,400 മെഗാവാട്ട് പീര്‍പൈന്തി താപ വൈദ്യുത പദ്ധതിക്ക് 24,900 കോടി രൂപയായിരുന്നു മൂലധന ചെലവായി നിശ്ചയിച്ചിരുന്നത്. ഒരു മെഗാവാട്ടിന് 10 കോടി എന്ന നിരക്കിലാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഒരു മെഗാവാട്ടിന് 15 കോടി രൂപ മൂലധന ചെലവായി നല്‍കിയെന്ന് ആര്‍ കെ സിങ് ആരോപിച്ചു. 

ദി ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സിങ് എന്‍ഡിഎ സര്‍ക്കാരിന്റെ അഡാനി ബാന്ധവം തുറന്നുകാട്ടിയത്. കുറഞ്ഞ മൂലധന ചെലവില്‍ പീര്‍പൈന്തി താപവൈദ്യുത പദ്ധതിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏകദേശം 2.75 രൂപയായിരിക്കും ചെലവാകുകയെന്ന് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ യൂണിറ്റിന് 4.16 രൂപ അഡാനി പവറിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവഴി പ്രതിവര്‍ഷം 2,500 കോടി രൂപയാണ് അധികമായി നല്‍കിയത്. 25 വര്‍ഷത്തെ കരാര്‍ പ്രകാരം ഈ കാലയളവില്‍ സംസ്ഥാന ഖജനാവിന് ഏകദേശം 62,000 കോടി രൂപയാണ് നഷ്ടമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. 

ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. തന്റെ വാദത്തില്‍ തെറ്റുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തട്ടെ. എന്നാല്‍ ഏഴ് വര്‍ഷം കേന്ദ്ര ഊര്‍ജ മന്ത്രി എന്ന നിലയിലുള്ള അനുഭവത്തില്‍ നിന്ന് ഭഗല്‍പ്പൂര്‍ വൈദ്യുത പദ്ധതി കരാര്‍ പുനഃപരിശോധിക്കണമെന്നും ആര്‍ കെ സിങ് ആവശ്യപ്പെട്ടു. അതേസമയം വെളിപ്പെടുത്തല്‍ പൂര്‍ണമായും അടിസ്ഥാനരഹിതമെന്ന് അഡാനി ഗ്രൂപ്പ് പ്രതികരിച്ചു. സംസ്ഥാന സർക്കാർ സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെയാണ് പദ്ധതി നല്‍കിയതെന്നും കമ്പനി ന്യായീകരിച്ചു. 

വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആരോപണങ്ങളും സംശയങ്ങളും ശരിവയ്ക്കുന്ന വിധത്തിലാണ് ആര്‍ കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍. പീര്‍പൈന്തി താപവൈദ്യുത പദ്ധതി കരാര്‍ അഡാനി പവറിന് നല്‍കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം ആദ്യം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. അഡാനി പവറില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം അഴിമതിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 

Exit mobile version