Site iconSite icon Janayugom Online

മാസ്കില്ല, ആളകലമില്ല; കോവിഡ് നിര്‍ദ്ദേശങ്ങള്‍ തള്ളി ഭാരത് ജോ‍ഡോ യാത്ര ഹരിയാനയില്‍

മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ ഭാരത് ജോഡോ യാത്രയ്ക്ക് ഹരിയാനയില്‍ തുടക്കമായി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് കോണ്‍ഗ്രസ് ഇന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര ഹരിയാനയല്‍ രണ്ടാം ദിവസമാണ്.

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്ത് അയച്ചിരുന്നു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സിൻ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂയെന്നുമായിരുന്നു കത്തിലെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബിജെപിക്ക് ഭാരത് ജോഡ‍ോ യാത്രയെ ഭയമാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടോയെന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മാത്രം ഏര്‍പ്പെടുത്തുന്നത് ദുരൂഹമാണെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. രാഹുലിന്റെ യാത്രയ്ക്ക് പിന്തുണ വര്‍ധിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­mery: Bharat Jodo Yatra Enters Hariyana with­out Keep­ing Covid Protocols
You May Also Like This Video

Exit mobile version