Site icon Janayugom Online

ദുരിതാശ്വാസ ക്യാമ്പിലെത്തിയിട്ട് ദിവസങ്ങള്‍: തിരിച്ചുകൊണ്ടുപോകാന്‍ മക്കളെത്തിയില്ല, പാതിയോർമ്മയിൽ കണ്ണീരോടെ ഒരമ്മ

bhavaniyamma

രാത്രി സമയത്ത് തെരുവിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ പന്തളം തോട്ടക്കോണം വാലുതെക്കേതിൽ പുരുഷോത്തമൻ പിളളയുടെ ഭാര്യ ഭവാനിയമ്മ (77) നെ അടൂർ പോലീസ് കഴിഞ്ഞ 21നാണ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്. അന്വേഷണത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ടെന്നും അടുത്ത ദിവസം അവരെത്തി കൂട്ടിക്കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും ആരും എത്താത്ത സാഹചര്യത്തിൽ പോലീസ് നൽകിയ നമ്പരുകളിൽ ബന്ധപ്പെട്ടെങ്കിലും ആരും എത്തുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ആഴ്ച മുടിയൂർക്കോണം തോട്ടക്കോണം ഭാഗത്തുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാറിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതായിരുന്നു ഭവാനിയമ്മയെയും ഭർത്താവ് പുരുഷോത്തമൻ പിളളയെയും എന്നറിഞ്ഞത്.

പൊളളലേറ്റ പരുക്കുകളോടെ ദുരിതാശ്വാസ ക്യാംപിലെത്തിയ പുരുഷോത്തമൻ പിളളയുടെ ദുരിതത്തെ കണക്കിലെടുത്ത് ക്യാംപിന്റെ ചുമതലയുളള റവന്യു-ആരോഗ്യവകുപ്പ്-ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർഇടപെട്ട് ഇവരെ രണ്ട് പേരേയും ആശുപത്രിയിലാക്കിയതായി പത്രങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് ഭവാനിയമ്മയ്ക്ക് വ്യക്തമായ ഓർമ്മ ഉണ്ടായിരുന്നില്ല. ഭർത്താവിനെ മകൻ കൊണ്ടു പോയെന്നും ഭവാനിയമ്മ മകളുടെ വീട്ടിലെത്തിയെങ്കിലും തിരികെ അയച്ചെന്നുമൊക്കെയാണ് പറയുന്നത്. സ്വത്തുക്കളും പണവുമൊക്കെ മക്കൾ വീതം വാങ്ങിച്ചതാണെന്നും ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് തോട്ടക്കോണത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങി താമസിച്ചതെന്നും, അതും മക്കൾ എഴുതി വാങ്ങിയതായും ഇവർ പറയുന്നു. ഓർമ്മ വന്നപ്പോൾ മുതൽ മക്കളുടെ വരവിനായി കാത്തിരിക്കുകയാണിവർ. ഭർത്താവ് പുരുഷോത്തമൻപിളള ഇപ്പോൾ എവിടെയാണെന്ന് ഇവർക്ക് അറിയില്ല. മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ മക്കൾ തയ്യാറാകാത്ത പക്ഷം നിയമനടപടികളിലൂടെ പരിഹാരം തേടുമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

 

Eng­lish Sum­ma­ry: Bha­va­ni­amma waits with tears in her eyes as her rel­a­tives do not know where her hus­band is

 

You may like this video also

Exit mobile version