മധ്യപ്രദേശിലെ ധറിലെ ഭോജ് ശാല‑കമാൽ മൗല കോംപ്ലക്സിൽ സരസ്വതി പൂജയും വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരവും സമാധാനപരമായി നടത്താൻ സുപ്രീം കോടതിയുടെ അനുമതി. ജനുവരി 23ന് വസന്ത് പഞ്ചമിയുടെ പകൽ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് അനുമതി തേടി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശം നൽകിയത്. മുസ്ലീങ്ങൾക്ക് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താം.
നമസ്കാരത്തിന് വരുന്ന മുസ്ലിം സമൂഹത്തിലെ വ്യക്തികളുടെ ലിസ്റ്റ് ജില്ലാഭരണക്കൂടത്തിന് നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. 2003 ലെ കരാർപ്രകാരം ഭോജ്ശാല കോംപ്ലക്സിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിലാണ് പൂജ നടത്തുന്നത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾ നമസ്കാരം നിർവഹിക്കുന്നു. നിലവിൽ ബസന്ത് പഞ്ചമിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിആർപിഎഫ്, ആർഎഎഫ് എന്നിവരുൾപ്പെടെ ഏതാണ്ട് 8000 പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

