കെഎസ്ആര്‍ടിസിയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിലെ എല്ലാ ബസുകളും എസി ആക്കുകയും മുഴുവന്‍ ബസുകളിലും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ക്യാമറകളുടെ കണ്‍ട്രോള്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്തായിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ തന്നെ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ആരംഭിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പാലക്കാട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയില്‍ കുടുംബസമേതം യാത്ര ചെയ്യുന്ന ആളുകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ഇതിനായി മികച്ച ഭക്ഷണത്തിനും ശുചിത്വത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.