Site iconSite icon Janayugom Online

ആഭ്യന്തര വൈദ്യുതി ഉല്പാദനരംഗത്ത് വൻ കുതിച്ചുചാട്ടം

സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉൽപ്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ചുരുങ്ങിയ കാലയളവിൽ ആഭ്യന്തര വൈദ്യുതി ഉല്പാദന ശേഷിയിൽ 105.077 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
എട്ട് മെഗാവാട്ടിന്റെ ആനക്കാംപോയില്‍, 4.5 മെഗാവാട്ടിന്റെ അരിപ്പാറ, രണ്ട് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള അപ്പര്‍ കല്ലാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഏപ്രിൽ ഒന്നിന് മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. പദ്ധതി നിർമ്മാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വ്യാഴവട്ടകാലത്തിന് ശേഷം 40 മെഗാവാട്ട് ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 

സൗര പദ്ധതിയില്‍ 26.8 മെഗാവാട്ടിന്റെ 4909 സൗരോജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു കഴിഞ്ഞു. സൗരോർജ്ജ ഉൽപ്പാദകർ വഴി 60.587 മെഗാവാട്ടിന്റെ സൗരോജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു. ഇതിനുപുറമേ, ആറ് മെഗാ വാട്ട് സ്ഥാപിത ശേഷിയുള്ള ചാത്തന്‍കോട്ടുനട II ചെറുകിട ജല വൈദ്യുത നിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉല്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുന്നതിന് ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കില്‍ ചെങ്കുളം പമ്പ് ഹൗസും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 148 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികൾ ഈ വര്‍ഷം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നെതന്നും മന്ത്രി വ്യക്തമാക്കുന്നു. 

Eng­lish Summary:Big jump in domes­tic pow­er generation
You may also like this video

Exit mobile version