Site iconSite icon Janayugom Online

പച്ച മീൻ വിലയിൽ വൻ കുതിപ്പ്

പച്ച മീൻ വിലയിൽ വൻ കുതിപ്പ്. ചെറുമീനുകളുടെ ശരാശരി വില 200 കടന്നപ്പോൾ പീസ് മീൻ വില 550 കടന്നു. ഈസ്റ്റർ വിപണിയിൽ ഉയർന്ന വില കുറയാതെ വന്നതാണ് തിരിച്ചടിയായത്. ഒരു മാസം മുമ്പ് ഒന്നരക്കിലോ ചെറിയ മത്തി 100 രൂപയ്ക്കു വിറ്റിരുന്നുവെങ്കിൽ ഇപ്പോൾ ഒരു കിലോ ചെറിയ മത്തിയുടെ കുറഞ്ഞ വില 140 രൂപയായി. വലിയ മത്തിയുടെ വില 240 വരെയായി. കിളി, അയല എന്നിവയുടെ വില 240,260 രൂപയാണ്. വിളക്കുട്ടി 380, 400 രുപയ്ക്കാണു പലയിടങ്ങളിലും വിൽക്കുന്നത്. തിരിയാൻ 200, ഒഴുവൽ 140 എന്നിവയാണ് ഏറ്റവും വില കുറഞ്ഞ മീനുകൾ. പീസ് മീനുകളുടെ വിലയിലാണ് വൻ കുതിപ്പുണ്ടായത്. ഈസ്റ്ററിന് ഒരാഴ്ച മുതമ്പ് 380 400 രൂപയ്ക്ക് വിറ്റിരുന്ന ഒരു കിലോ തളയുടെ വില ഇപ്പോൾ 580, 600 രൂപ. 300, 380 രൂപയായിരുന്ന കേരയുടെ വില 580 വരെ. ശരാശരി 400 രൂപയുണ്ടായിരുന്ന മോതയുടെ വില 620 രൂപയ്ക്കു മുകളിൽ. നല്ല വറ്റ, വിള എന്നിവ 800 രൂപയ്ക്കു വിറ്റാൽ പോലും ലാഭം കിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. വില കുതിച്ചു കയറുന്നതിനാൽ കാളാഞ്ചി, നെയ്മീൻ പോലുള്ളവ ചെറുകിട വ്യാപാരികൾ എടുക്കുന്നതേയില്ല. രണ്ടു മാസം മുമ്പ് 250 രൂപയിലേക്കു വരെ താഴ്ന്ന ചെമ്മീൻ വില 500 രൂപ കടന്നു. കായൽ, വളർത്തു മീനുകളുടെ വിലയിലും വൻ കുതിപ്പുണ്ടായി. തിലോപ്പിയ, രോഹു, കട്ല, വാള എന്നിവയ്ക്കെല്ലാം 200 രൂപയ്ക്കു മുകളിലാണ് വില. പലയിനങ്ങളും കിട്ടാനുമില്ല. വേമ്പനാട്ട് കായലിൽ നിന്നുള്ളത് എന്ന പേരില മറ്റു പല സ്ഥലങ്ങളിൽ നിന്നുമെത്തിക്കുന്ന മീനും ജില്ലയിൽ പലയിടങ്ങളിലും ഉയർന്ന വിലയ്ക്കു വിൽക്കുന്നുണ്ട്. 

വേനൽ ചൂടിനെത്തുടർന്ന് മീനിന്റെ അളവു കുറഞ്ഞതാണ് വില വർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്ടിലെ ട്രോളിങ്ങ് നിരോധനവും തിരിച്ചടിയായി. തമിഴ്‌നാട്ടിലെ വിവിധ ഹാർബറുകളിൽ നിന്നാണ് ജില്ലയിൽ ഉൾപ്പെടെ വലിയ മീനുകൾ വ്യാപകമായി എത്തിച്ചിരുന്നത്. വില ഉയർച്ചയും ഈസ്റ്ററും മുന്നിൽക്കണ്ട് വൻകിട വ്യാപാരികൾ നേരത്തെ തന്നെ മീൻ വാങ്ങി സംഭരിച്ചിരുന്നു. ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന മീനും വൻ വിലയ്ക്കു വിൽക്കുന്നുണ്ട്. ഇറച്ചി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. കോഴിയിറച്ചി വില 145 രൂപയിൽ നിന്ന് ഈസ്റ്റർ കാലത്ത് 125 രുപയിലേക്ക് താഴ്ന്നിരുന്നു, ഈ വില ഇപ്പോഴും തുടരുകയാണ്. 400 420 രൂപയായിരുന്ന പോത്തിറച്ചി വില 440 രൂപയായി. ചിലയിടങ്ങളിൽ ഈസ്റ്ററിന 500 രൂപയ്ക്കായിരുന്നു വിൽപ്പന. പന്നിയിറച്ചി വില എല്ലായിടങ്ങളിലും 400 രൂപയിലെത്തി. താറാവ് കിലോയ്ക്ക് 420 രൂപയ്ക്കു വരെയാണ് വിൽപ്പന.

Exit mobile version