Site iconSite icon Janayugom Online

സീറ്റ് നിഷേധം: ഗോവ ബിജെപിയില്‍ കലാപം

ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് വന്‍ തിരിച്ചടി. സീറ്റ് നിഷേധത്തെത്തുടര്‍ന്ന് കലാപക്കൊടി ഉയര്‍ത്തി നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു.ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോള്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടുന്നു. ഇദ്ദേഹം മാന്‍ഡറിമ്മില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ ഭാര്യ സാവിത്രി കാവ്‌ലേക്കര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗത്വം രാജിവെച്ചു. ബിജെപി വനിതാ വിഭാഗം വൈസ് പ്രസിഡന്റായിരുന്നു സാവിത്രി. സ്വതന്ത്രയായി മത്സരിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോറെ ഫെര്‍ണാണ്ടസും ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.മുന്‍ പൊതുമരാമത്ത് മന്ത്രി ദീപക് പുഷ്‌കറും ബിജെപി വിമതനായി മല്‍സരിക്കാനൊരുങ്ങുകയാണ്.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതായി ഉത്പല്‍ ഇന്നലെ പ്രഖ്യാപിച്ചു. പരീക്കറുടെ മണ്ഡലമായിരുന്ന പനാജിയില്‍ ഉത്പല്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ പരീക്കറുടെ രാഷ്ട്രീയ എതിരാളിയായ ബാബുഷ് മോണ്‍സറോട്ടയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.നേരത്തെ ഉത്പലിനെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു.ആകെയുള്ള 40 സീറ്റുകളില്‍ 34 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയില്‍ ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ്.
eng­lish summary;Big set­back for BJP in Goa
you may also like this video;

Exit mobile version