Site iconSite icon Janayugom Online

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ; 22നകം വോട്ടെടുപ്പ് പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബീഹാർ നിയമസഭയുടെ കാലാവധി 2025 നവംബർ 22ന് അവസാനിക്കുമെന്നും അതിനുമുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) മികച്ച രീതിയിൽ പൂർത്തിയായെന്നും, സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വോട്ടർ പട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയത് വെട്ടിമാറ്റലല്ല, മറിച്ച് ശുദ്ധീകരണമാണെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരണം കമ്മീഷൻ്റെ കടമയാണെന്നും ആളുകളെ ഒഴിവാക്കിയത് അർഹത ഇല്ലാത്തതിനാൽ ആണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ആധാർ പൗരത്വ രേഖയല്ല എന്നും കമ്മീഷണർ ആവർത്തിച്ചു. ബീഹാറിലെ 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ആകെ 243 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം പട്ടികവർഗ വിഭാഗത്തിനും, 38 എണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ ആദ്യമായി ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും ഗ്യാനേഷ് കുമാർ അറിയിച്ചു. ജൂൺ 24ന് ആരംഭിച്ച വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അടുത്ത മാസം 22നാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി തീരുന്നത്. അതിനാല്‍ തന്നെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വരുന്ന ദിവസങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പ് തീയത് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ മറ്റെന്നാള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Exit mobile version