ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും യഥാക്രമം താരാപൂരിലും ലഖിസാരായ് സീറ്റിലും മത്സരിക്കും. 71 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. കൂടാതെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായിരുന്ന മുൻ കേന്ദ്രമന്ത്രി രാംകൃപാൽ യാദവിനും ദനാപൂരിൽ സീറ്റ് നൽകിയിട്ടുണ്ട് ബിജെപി.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേരില്ല എന്നതും ശ്രദ്ദേയമാണ്. 2010 മുതൽ പട്ന സാഹിബ് സീറ്റിൽ തുടർച്ചയായി മത്സരിച്ചിരുന്നത് നന്ദ് കിഷോർ ആയിരുന്നു. ഇത്തവണ രത്‌നേഷ് കുശ്‌വാഹയെ ബി.ജെ.പി ഈ സീറ്റിൽ മത്സരിപ്പിക്കും. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ തർക്കിഷോർ പ്രസാദ് കതിഹാർ മണ്ഡലത്തിലും ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ സിവാനിലും ഗതാതഗത മന്ത്രി നിതിൻ നബിൻ ബങ്കിപൂരിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കും. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ ഷൂട്ടർ ശ്രേയസി സിങ് കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച ജാമുയി സീറ്റിലും ഇത്തവണ മത്സരിക്കും.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപൂർ 2010മുതൽ ജെഡിയുവിന്റെ കൈകളിലാണ്. നേരത്തെ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരിയും പിന്നീട് ലാലു യാദവും ഈ സീറ്റിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

