ബിഹാര്‍ വോട്ടര്‍ പട്ടിക വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിക്ക് വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ രാവിലെ സമ്മേളിച്ച ലോക്‌സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്ന നടപടിയോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് ചോദ്യ വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. തുടര്‍ന്ന് അനുനയത്തിനുള്ള ശ്രമങ്ങള്‍ സ്പീക്കര്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടുവരെ നിര്‍ത്തിവച്ച സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷധം തുടര്‍ന്നതോടെ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. സിപിഐ അംഗം പി സന്താഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു, അനുമതി നിഷേധിച്ചതായി ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തീരുമാനം അറിയിച്ചതോടെ സഭയില്‍ പ്രതിഷേധം ഉയര്‍ന്നു. 12 വരെ നിര്‍ത്തിവച്ച ശേഷം വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം നിലപാടില്‍ ഉറച്ചു നിന്നതോടെ സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണുണ്ടായത്. തിങ്കളാഴ്ച മുതല്‍ ലോക്‌സഭയിലും ശേഷം രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചകളാകും നടക്കുക. സഭയിലെ ഭരണ പ്രതിപക്ഷ പോരാട്ടത്തിന് അറുതി വരുത്താന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു.

