ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ വാദം പുരോഗമിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ സംശയാസ്പദമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ‌്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. എസ്ഐആര്‍ നടത്താനുള്ള തിടുക്കം, ആധാര്‍/ഇപിഐസി എന്നിവ രേഖയായി സ്വീകരിക്കാതിരിക്കുക, നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും അവരെ ഒഴിവാക്കാനുള്ള കാരണങ്ങളും പ്രസിദ്ധീകരിക്കാതിരിക്കുക, കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ തിരയാനുള്ള സംവിധാനം നീക്കം ചെയ്യല്‍ എന്നീ അഞ്ച് കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ സംശയത്തിലാക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
അതേസമയം, ബിഹാറില്‍ ഉചിതമെന്ന് തോന്നുന്ന രീതിയില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലേ എന്ന ചോദ്യമായിരുന്നു സുപ്രീം കോടതി പ്രധാനമായും ഉന്നയിച്ചത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ എണ്ണം 11 ആയി വര്‍ധിപ്പിച്ചത് എസ്‌ഐആർ കൂടുതൽ വോട്ടർ സൗഹൃദമാക്കിയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഘ‌്‌വി സുപ്രീം കോടതി നീരീക്ഷണത്തോട് വിയോജിച്ചു. രേഖകളുടെ എണ്ണം കൂടുതലുണ്ടെങ്കിലും അവ ലഭിക്കാന്‍ വളരെ താമസമാണെന്ന് അദ്ദേഹം വാദിച്ചു. ബിഹാറില്‍ പാസ്പോര്‍ട്ട് ഉടമകള്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ്.
സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് അവിടെ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി. പരമാവധി കവറേജ് ഉറപ്പാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് മറുപടി സ്വീകരിച്ച ശേഷമാണ് സാധാരണയായി രേഖകളുടെ പട്ടിക തയ്യാറാക്കുന്നതെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ബിഹാര്‍ എസ്ഐആറുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള ക്രമക്കേടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടെ കരട് പട്ടികയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് റദ്ദാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഹര്‍ജികളില്‍ ഇന്നും വാദം തുടരും.

