ബിഹാറില്‍ പ്രത്യേക അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ വീണ്ടും കള്ളക്കഥയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എണ്ണല്‍ ഫോം (എന്യൂമറേഷന്‍ ) പൂരിപ്പിച്ച് നല്‍കാത്ത വോട്ടര്‍മാരും കരട് പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കുന്ന വോട്ടര്‍മാരെ മാത്രമേ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുവെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാത്ത ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഇടം പിടിച്ചതോടെയാണ് കമ്മിഷന്റെ മറ്റൊരു കള്ളക്കളി കൂടി വെളിച്ചത്തായത്.
ബിഹാറിലെ പല മണ്ഡലങ്ങളിലും താമസിക്കാത്തവരും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാത്തവരും കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. ബിഹാര്‍ എസ്ഐആറിനെതിരെ നാനാകോണില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എണ്ണല്‍ ഫോം സമര്‍പ്പിച്ചവരെ മാത്രമേ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളുവെന്ന് വിശദമാക്കിയത്.
നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കിഷന്‍ഗഞ്ച് ജില്ലയിലെ താക്കൂര്‍ഗഞ്ച് ബസര്‍ബാരി ഗ്രാമപഞ്ചായത്തില്‍ 817 വോട്ടുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മേഖലയിലെ ഭൂരിപക്ഷം വീടുകളും അടച്ചിട്ട നിലയിലും ആള്‍താമസം ഇല്ലാത്തതുമാണ്. ഇവിടെത്തെ ജനങ്ങള്‍ ഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ത്തേടി പോയവരാണെന്ന് വാര്‍ഡ് അംഗം നന്ദകിഷേര്‍ രജക് പറഞ്ഞു. ആള്‍താമസമില്ലാത്ത ഇവിടുത്തെ ഗ്രാമവാസികള്‍ എണ്ണല്‍ ഫോം പൂരിപ്പിച്ച് നല്‍കി കരട് പട്ടികയില്‍ ഇടം പിടിച്ചത് ഇതുവരെ മനസിലായിട്ടില്ലെന്ന് നന്ദകിഷേര്‍ പറഞ്ഞു.
817 വോട്ടുകളാണ് ഇവിടുത്തെ ബൂത്ത് നമ്പറായ 334 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ എണ്ണല്‍ ഫോം സമര്‍പ്പിക്കാത്ത വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുമെന്ന് കാട്ടി ഏതാനും വോട്ടര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) കത്തു നല്‍കി. ഇത്തരത്തില്‍ ഫോം സമര്‍പ്പിക്കാത്ത മൂന്ന് ലക്ഷത്തോളം പേര്‍ കരട് പട്ടികയില്‍ ഇടം പിടിച്ചതയാണ് മാധ്യമ റിപ്പോര്‍ട്ട്.
സീമാഞ്ചല്‍ മേഖലയിലെ ജില്ലകളായ കിഷന്‍ഗഞ്ച്, അരാരീയ, പൂര്‍ണിയ, കതിഹാര്‍ എന്നിവിടങ്ങളിലാണ് എണ്ണല്‍ ഫോം സമര്‍പ്പിക്കാത്തവരും വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയത്. സ്ഥിരതാമസമില്ലാത്തവരും ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ത്തേടി പോയവരും എണ്ണല്‍ ഫോം സമര്‍പ്പിക്കാതെ കരട് വോട്ടര്‍ പട്ടികയില്‍ എങ്ങനെ കടന്നുകൂടി എന്നുള്ളത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്. വിഷയത്തില്‍ ഇതുവരെ കമ്മിഷന്‍ വ്യക്തമായ വിശദീകരണവും നല്‍കിയിട്ടില്ല.
ബിഹാറില്‍ ആദ്യം ഘട്ടം മുതല്‍ വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ കള്ളക്കളി ഓരോന്നായി പുറത്ത് വരുകയാണ്. മരിച്ചുവെന്നും സ്ഥലത്തില്ലെന്നും കാട്ടി 65 ലക്ഷം പേരെയാണ് കമ്മിഷന്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ സ്ഥിരതാമസമില്ലാത്ത ആയിരക്കണക്കിന് പേര്‍ എണ്ണല്‍ ഫോം പൂരിപ്പിച്ച് നല്‍കാതെ കരട് പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു.

