ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ഏകദേശം മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാരാണ് ഈ ഘട്ടത്തിൽ ബൂത്തിലെത്തുക. വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളും സ്വതന്ത്രരും ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതിൽ 1165 പുരുഷന്മാരും 136 സ്‌ത്രീകളുമാണ്. കഴിഞ്ഞ തവണ 15 സീറ്റുകൾ മൂവായിരത്തിൽ താഴെയും മൂന്നിടത്ത് ആയിരം വോട്ടിൽ താഴെയും ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യത്തിൽ ഈ വോട്ടെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്.
ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ഇന്നും സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് ബിഹാർ. 243 നിയമസഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭരണം ലഭിക്കാൻ 122 സീറ്റുകളാണ് വേണ്ടത്.
അവസാന വിധിയെഴുതാൻ ബിഹാർ; 20 ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്

