Site iconSite icon Janayugom Online

സര്‍വം ക്രമക്കേട്; ബിഹാര്‍ വോട്ടര്‍ പട്ടിക കൂടുതല്‍ വിവാദത്തിലേക്ക്

വിവാദമായ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്എ‌െആര്‍) ശേഷം തയ്യാറാക്കിയ ബിഹാറിലെ കരട് വോട്ടർ പട്ടികയില്‍ നിരവധി ക്രമക്കേടുകള്‍ പുറത്ത്. 2,92,048 വോട്ടർമാരുടെ വീട്ടുനമ്പർ ‘0 മുതല്‍ 000 വരെ’യാണെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് പുറത്തുവിട്ടു. യാദവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നിന്ന് കൂട്ടത്തോടെ വോട്ടര്‍മാരെ നീക്കം ചെയ്ത തെളിവ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന് മുമ്പാകെ സിപിഐ(എംഎല്‍) ഹാജരാക്കി. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പുറത്തുവിട്ടു. അതേസമയം നിരവധി കൃത്രിമങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇസിഐ വെബ്‌സൈറ്റിലെ കരട് വോട്ടർ പട്ടിക പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റി. വേഗത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നത് തടയുന്നതിനുവേണ്ടിയാണ് ഇതെന്ന് ആരോപണമുണ്ട്. മഗധ്, പട്ന മേഖലകളിലാണ് വീട്ടു നമ്പറുകൾ ‘0’ ആയി വരുന്ന ഏറ്റവും കൂടുതൽ വോട്ടർമാർ, ഔറംഗാബാദ് ജില്ലയിലെ ഒബ്ര നിയമസഭാ മണ്ഡലത്തിലാണ് ഇത്തരം വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍. 6,637 പേര്‍. തൊട്ടുപിന്നാലെ ഫുൽവാരി (5,905), മാനർ (4,602), ഫോർബ്‌സ് ഗഞ്ച് (4,155), ദാനാപൂർ (4,063), ഗോപാൽ ഗഞ്ച് (3,957), പട്‌ന സാഹിബ് (3,806), ഹാജിപൂർ (3,802), ദർഭംഗ (3,634), ഗയ ടൗൺ (3,561) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

15 മണ്ഡലങ്ങളിൽ 3,000ത്തിലധികം പേർ ഇത്തരത്തിലുള്ളവരാണ്. ഭോജ്പൂർ ജില്ലയിലെ അഗിയോണിലാണ് ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത്, 47 പേർ. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലെ 235 പോളിങ് ബൂത്തുകളിലായി ഏഴ് കോടിയിലധികം വോട്ടർമാരുടെ പട്ടിക പരിശോധിച്ചതിലാണ് ഈ കണ്ടെത്തല്‍. ഇസിഐ വെബ്‌സൈറ്റിലെ വോട്ടർ റോൾ ഫോർമാറ്റ് മെഷീൻ വായനയ്ക്ക് കഴിയാത്ത രീതിയിലേക്ക് മാറ്റിയതിനാല്‍ എട്ട് നിയമസഭാ സീറ്റുകളിലെ 2,184 പോളിങ് ബൂത്തുകൾ വിശകലനം ചെയ്തിട്ടില്ല. തുടക്കത്തിൽ മെഷീൻ വായന കഴിയുന്ന ഫോർമാറ്റിലാണ് അപ്‌ലോഡ് ചെയ്തത്. അതിൽ നിന്ന് വിവരങ്ങൾ എളുപ്പത്തിൽ വായിക്കാനും പ്രോസസ് ചെയ്യാനും കഴിയുമായിരുന്നു.

സംസ്ഥാനത്തെ കരട് പട്ടികയിൽ 65 ലക്ഷം വോട്ടർമാരെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികള്‍ക്ക് ശേഷം ഒഴിവാക്കിയിരുന്നു. ഇതില്‍ ഏറിയ പങ്കും പ്രതിപക്ഷത്തിന് അടിത്തറയുള്ള മണ്ഡലങ്ങളിലേതാണെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നതാണ്. യാദവ ഭൂരിപക്ഷ മണ്ഡലങ്ങളിലെ സമ്മതിദായകരുടെ വോട്ട് ഒഴിവാക്കിയെന്ന് സിപിഐ(എംഎല്‍) പരാതിയില്‍ പറയുന്നു. ബന്ദ് ബസ്തി ഗ്രാമത്തിലെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 59 വോട്ടർമാരിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നും അതേ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്നും ബൂത്ത് ലെവൽ അസിസ്റ്റന്റായ അമിത് കുമാർ പാസ്വാൻ നൽകിയ പരാതിയിൽ പറയുന്നു‍‍‍. ഫുല്‍വാരി മണ്ഡലത്തിലെ ധാരചായക്കിലെ 180 പേരെ ഒഴിവാക്കി. ദളിത് സമുദായത്തിലെ വോട്ടര്‍മാരെയും വ്യാപകമായി വെട്ടിനിരത്തിയതായി സിപിഐ(എംഎല്‍) ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് മാർച്ച് നാളെ

വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസായ നിര്‍വചന്‍ സദനിലേക്ക് നാളെ ഇന്ത്യ സഖ്യം എംപിമാര്‍ മാര്‍ച്ച് നടത്തും. രാവിലെ 11.30ന് പാർലമെന്റിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും. മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

നീക്കിയ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ നിയമമില്ല: കമ്മിഷന്‍

ബിഹാറില്‍ അതീതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ നോട്ടീസ് നല്‍കാതെ പേരുകള്‍ ഒഴിവാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍. കരട് പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തത് പ്രസിദ്ധീകരിക്കേണ്ട വിഷയമല്ലെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കമ്മിഷന്‍ അവകാശപ്പെട്ടു.
കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒരാളുടെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കാന്‍ നിയമങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വാദിക്കുന്നു. ബിഹാറിലെ കരട് പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയെന്ന് കാട്ടി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്.

പട്ടികയിൽ നിന്ന് 65.6 ലക്ഷം പേരുകൾ നീക്കം ചെയ്തതായി കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇതിൽ 22 ലക്ഷം പേർ മരിച്ചതും, 36 ലക്ഷം പേർ സ്ഥിരമായി സ്ഥലം മാറിപ്പോയവരോ അല്ലെങ്കിൽ കണ്ടെത്താനാകാത്തവരോ ആണ്. ഏഴ് ലക്ഷം ഇരട്ട വോട്ടുകളായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ശനിയാഴ്ചയ്ക്കകം വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശിച്ചിരുന്നത്. 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ പ്രകാരം ഒഴിവാക്കപ്പെട്ടവരുടെ കണക്ക് പ്രസിദ്ധീകരിക്കേണ്ടതില്ല. എണ്ണൽ ഫോമുകൾ ലഭിക്കാത്ത വ്യക്തികളുടെ ബൂത്ത് ലെവൽ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടിക പുതുക്കുന്നതിനായി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് എണ്ണൽ ഫോം ഉപയോഗിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ ഒന്ന് വരെയുള്ള പരാതികളുടെയും തിരുത്തലുകളുടെയും കാലയളവിൽ പട്ടികയിൽ പേരില്ലാത്ത വ്യക്തികൾക്ക് ഫോം 6 പ്രകാരം ഒരു പ്രഖ്യാപനം സഹിതം അപേക്ഷ സമർപ്പിക്കാം. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുകൊണ്ട് അന്തിമ പട്ടികയിൽ നിന്ന് പുറത്തായി എന്നല്ല അർത്ഥമാക്കുന്നതെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കേസ് നാളെ വിണ്ടും പരിഗണിക്കും.

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷൻ. ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ആണ് നോട്ടീസ് നൽകിയത്.
ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി കാണിച്ച രേഖ പോളിങ് ഓഫിസര്‍ നൽകിയതല്ലെന്നും ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ടു ചെയ്തുവെന്ന് തെളിയിക്കുന്ന പ്രസക്തമായ രേഖകൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വി അൻബുകുമാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിയുമെന്നും കമ്മിഷൻ പറഞ്ഞു.

Exit mobile version