Site iconSite icon Janayugom Online

ബിഹാറില്‍ ഇന്ന് ജനവിധി; ആദ്യഘട്ടം 121 മണ്ഡലങ്ങളില്‍

ബിഹാര്‍ ഇന്ന് ബൂത്തിലേക്ക്. പതിനെട്ട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക. ബിഹാര്‍ ഇനി ആരു ഭരിക്കണമെന്നതിന്റെ വിധിയുടെ ആദ്യഘട്ടമാണ് ഇന്ന് നിര്‍ണയിക്കപ്പെടുക. ഇടതുപക്ഷവും ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന വിശാല സഖ്യം ഒരു പക്ഷത്തും ബിജെപിയും ജെഡിയുവും നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തമ്മിലാണ് മുഖ്യ പോരാട്ടം. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. സൂര്യകാന്ത് പാസ്വാന്‍ (ബാഖ്രി), അവദേശ് കുമാര്‍ റായ് (ബച്വാഡ), രാം രത്തന്‍ സിങ് (തെഗ്ര മണ്ഡലം) എന്നിവരാണ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സര രംഗത്തുള്ള സിപിഐ സ്ഥാനാര്‍ത്ഥികള്‍. ആസൂത്രിതവും ശക്തവുമായ പ്രചരണ പരിപാടികളാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സംഘടിപ്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ കേന്ദ്ര നേതാക്കളുടെ സജീവ സാന്നിധ്യവും പ്രചരണത്തില്‍ കാണാനായി.

വോട്ടെടുപ്പിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതായി ഡിജിപി വിനയ് കുമാര്‍ പറഞ്ഞു. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രശ്‌നബാധിത ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി കൂടുതല്‍ സേനയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാന്‍ 1,650 കമ്പനി അര്‍ധ സൈനിക വിഭാഗം രംഗത്തുണ്ട്. അഞ്ച് ലക്ഷത്തോളം വരുന്ന സുരക്ഷാ സേനാംഗങ്ങളെയാണ് ആദ്യഘട്ട പോളിങ്ങിനായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version