നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു (52) മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം റോഡിൽ തെന്നി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
ജോലി സ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ റോഡിലെ ചരലിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. റോഡിൽ വീണ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. കോട്ടയം നഗരസഭ മുൻ കൗൺസിലറും സിഎസ്ഐ ചർച്ച് കമ്മറ്റി , കൗൺസിൽ മെമ്പറുമായിരുന്നു. ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു . മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ തുടങ്ങിയ മോട്ടോർ സ്പോർട്സ് എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. ഗോവയിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. അനു ജവീൻ ആണ് ഭാര്യ .മക്കൾ: കർമ, കാമറിൻ, കേരൾ.