Site iconSite icon Janayugom Online

ബില്‍ക്കീസ് ബാനു കേസ് : കുറ്റവാളികള്‍ എങ്ങനെ മോചിതരായെന്ന് സുപ്രീം കോടതി

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ കുറ്റവാളികളായ പ്രതികള്‍ എങ്ങനെ ജയില്‍ മോചിതരായി എന്നും പരമോന്നത കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പ്രതികള്‍ക്ക് എങ്ങനെയാണ് നിയമത്തിന്റെ ആനുകൂല്യം ലഭിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ഉജ്വല്‍ ഭൂയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 2002 ലെ വര്‍ഗീയ കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, കുടുംബാഗങ്ങളെ തീയിട്ട് കൊല്ലുകയും ചെയ്ത കേസില്‍‍ പ്രതികളായ 11 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം ജീവപര്യന്തമായി ശിക്ഷാ ഇളവ് നേടിയവരാണ് വിട്ടയക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഇളവുകള്‍ മറ്റ് തടവുകാര്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ലെന്നും കോടതി ആരാഞ്ഞു. കേസിന്റെ വിചാരണ നടന്ന കോടതിക്ക് പകരം ഗോധ്ര കോടതിയുടെ അഭിപ്രായം തേടിയത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യമുയര്‍ത്തി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് നല്‍കിയ സൗജന്യത്തിന് മറ്റ് തടവുകാര്‍ യോഗ്യരല്ല എന്നാണോ കരുതേണ്ടത്. ജയില്‍ ഉപദേശക സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല.

നിയമം അനുസരിച്ചാണ് പ്രതികളെ മോചിപ്പിച്ചതെന്നും 2008 ല്‍ കുറ്റവാളികളായി കണ്ടെത്തിയ ഇവരെ 1992 ലെ നിയമം അനുസരിച്ചാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ വിട്ടയച്ച നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. കേസിലെ പ്രതിയായിരുന്ന രാധേശ്യാം സമര്‍പ്പിച്ച ഹര്‍ജിയാണ് നേരത്തെ സുപ്രീം കോടതി പരിഗണിച്ചതെന്നും അതിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റ് 11 പ്രതികളെയും വെറുതെ വിടുകയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വാദം ഈമാസം 24 ന് നടക്കും. 

Eng­lish Summary:Bilkis Bano case: Supreme Court on how the crim­i­nals were freed
You may also like this video

Exit mobile version