അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പുതുക്കുന്ന നടപടിക്രമങ്ങളില്‍ കോടികളുടെ അഴിമതി നടന്നതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ അസം മുന്‍ എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്കും സിസ്റ്റം ഇന്റഗ്രേറ്റര്‍ എംഎസ് വിപ്രോ ലിമിറ്റഡിനുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൃത്യമായ ആസൂത്രണമില്ലാതെ, എൻആർസി വിവരങ്ങള്‍ ശേഖരിക്കുന്നതിനും തിരുത്തുന്നതിനുമുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചത് ഡാറ്റ കൃത്രിമത്വത്തിന്റെ അപകടസാധ്യത ഉയർത്തി. കൂടാതെ, ഒരു ദേശീയ ടെണ്ടറിന് ശേഷം വെണ്ടർമാരെ തിരഞ്ഞെടുക്കുന്നത് പോലെയുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ സാധുതയുള്ളതും തെറ്റില്ലാത്തതുമായ എൻആർസി തയ്യാറാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടില്ലെന്ന് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു.
1,579 കോടി രൂപ നേരിട്ടുള്ള ചെലവും 50,000 ത്തോളം സർക്കാർ ജീവനക്കാരെ നാല് വർഷത്തിലേറെയായി വിന്യസിക്കുന്നതിനുള്ള മാനവശേഷി ചെലവും ഉണ്ടായിരുന്നിട്ടുമാണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടെ നേതൃത്വത്തിലാണ് എൻആർസി നടപടി ക്രമങ്ങള്‍ നടന്നത്. സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയയ്ക്ക് പിന്തുണ നല്‍കാന്‍ മാത്രമാണ് അസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ഒക്ടോബറിൽ പ്രതീക് ഹജേലയെ സംസ്ഥാന കോഓർഡിനേറ്ററായി നിയമിച്ചതിന് ശേഷമാണ് എൻആർസി നടപടിക്രമങ്ങള്‍ ആരംഭിച്ചത്. നടപടി ക്രമങ്ങള്‍ക്കായി 6000 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഇഒ) മാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കിയതിലൂടെ ഇന്ത്യൻ വേതന നിയമങ്ങൾ ലംഘിച്ചതിന് ഹജേലയ്ക്കും സിസ്റ്റം ഇന്റഗ്രേറ്റർക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. വേതന വ്യത്യാസം സിസ്റ്റം ഇന്റഗ്രേറ്റർക്കും ലേബർ കോൺട്രാക്ടർക്കും 155 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
14 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ ഡിസംബറില്‍ എന്‍ആര്‍സി പട്ടിക പുതുക്കുന്ന നടപടി ആരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പ്രാരംഭ പദ്ധതി ചെലവിനായി 288 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ വൈകിയതോടെ ചെലവ് 1579 കോടിയിലേക്ക് ഉയര്‍ന്നു.
നാലുവര്‍ഷത്തിനു ശേഷം 2019 ഓഗസ്റ്റിലാണ് അസം സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചത്. അസമിലെ 19 ലക്ഷത്തിലധികം ആളുകൾ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. എൻആർസിയുടെ കരട് പട്ടികയ്ക്ക് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.
ജീവനക്കാരുടെ വേതനം കവര്‍ന്നു
വിപ്രോയ്ക്കാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. എന്നാല്‍ അസമിലെ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ഇതിനായി ഉപകരാറുകാരെ വാടകയ്ക്കെടുക്കുകയായിരുന്നു. ഇതില്‍ ഗുവാഹട്ടി ആസ്ഥാനമായുള്ള ചില ടെലിവിഷൻ ചാനലിലെ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് 14,500 മുതല്‍ 17,500 രൂപ വരെ പ്രതിമാസം വേതനം നല്‍കാനാണ് എന്‍ആര്‍സി അതോറിട്ടി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഉപകരാറുകാര്‍ 5,500–9,100 എന്ന നിലയിലാണ് വേതനം ലഭ്യമാക്കിയത്. കുറഞ്ഞ വേതന നിയമം ഉറപ്പു നല്‍കുന്ന തുകപോലും ഇവര്‍ക്ക് ലഭിച്ചില്ല. ഇതിനെതിരെ നിരവധി ഡിഇഒമാര്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചിലര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ക്ക് അവകാശപ്പെട്ട വേതനം ലഭിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English Summary: Billions in corruption in Assam’s National Register of Citizens process
You may also like this video