Site iconSite icon Janayugom Online

കാലത്തിന്റെ ചുവരെഴുത്ത് കാണാതെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നോട്ടു പോകാനാകില്ല ബിനോയ് വിശ്വം

കാലത്തിന്റെ ചുവരെഴുത്ത് കാണാതെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നോട്ടു പോകാനാകില്ലന്ന് സി പി ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ആലപ്പുഴ വലിയ ചുടുകാട്ടിൽ പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം.കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ആരാണ് കേമൻ എന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. സിപിഐയും കൊള്ളാം സി പിഐഎമ്മും കൊള്ളാമെന്ന് ജനം പരിഹാസരൂപേണ പറഞ്ഞു തുടങ്ങിയിരിക്കുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റാണ് കഴിഞ്ഞ പാർലിമെന്റ്തെരഞ്ഞെടുപ്പ് ഫലം. തിരുത്താൻ തയ്യാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്.

തിരുത്താൻ തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രഖ്യാപിക്കുകയും തിരുത്തൽ പ്രമേയം പാസാക്കുകയും ചെയ്തു. യാന്ത്രികമായി പ്രമേയം പാസാക്കിയത് കൊണ്ടായില്ല. അതിനോട് ആൽമാർത്ഥത കാണിക്കാനും ആവശ്യമായ തിരുത്തൽ വരുത്താനും തയ്യാറാകണം. മാറ്റിവയ്ക്കാനാകാത്ത വിധം വിപത്തിന്റെ ശക്തികൾ തലപൊക്കി കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ചാൽ മാറുന്നതല്ല ഇത്. സദാ കണ്ണുതുറന്ന് പിടിക്കാനും സമൂഹത്തെ കാണാനും പഠിക്കാനും മാറ്റാനുമാണ് കമ്യൂണിസ്റ്റ് തത്വശാസ്ത്രം പറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ജനങ്ങളിൽ ഒരു വിഭാഗം എങ്ങനെ അകന്നുവെന്ന് മനസിലാക്കാനും പഠിക്കാനും തിരുത്താനും തയ്യാറായാലേ ഇനി മുന്നോട്ടു പോകാനാകൂ. കമ്യൂണിസം കാലഹരണപ്പെടില്ല പക്ഷെ സമൂഹത്തിലെ മാറ്റങ്ങൾ കാണാനം പഠിക്കാനും അതിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാനും കഴിയണം. 

ഇപ്പോൾ പോകുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനി മുന്നോട്ട് പോകാനാകില്ല. മാറ്റം അനിവാര്യമായിരിക്കുന്നു. അത് കാണാതെ യാന്ത്രികമായി “സഖാക്കളെ മുന്നോട്ട് ” എന്ന് മുദ്രാവാക്യം മുഴക്കി പോകാനാണ് തയ്യാറാകുന്നതെങ്കിൽ നമ്മൾ യാന്ത്രിക ഇടതുപക്ഷവും യാന്ത്രിക കമ്മ്യൂണിസ്റ്റ്കളുമായി പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി കൃഷ്ണപിള്ളയുടെ മുദ്രാവാക്യം ഏറ്റു വിളിക്കുമെങ്കിൽ അദ്ദേഹം തെളിച്ച വഴിയിലൂടെ മുന്നേറണമെങ്കിൽ മാറ്റം കമ്യൂണിസ്റ്റ് പാർട്ടികളിൽ അനിവാര്യമായിരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.അനുസ്മരണ സമ്മേളനം സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.

Exit mobile version