ഇടതുമുന്നണിയ്ക്കുണ്ടായ പരാജയം ആത്യന്തികമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോസ്റ്റ് ഫോഡ് സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ സഹകരണത്തോടെ മുന്നേറ്റത്തിന്റെ വഴി കണ്ടെത്താന്‍ നമുക്കാകും. ജനവിധിയെ പരിധികളില്ലാതെ വിലയിരുത്തുന്നതാണ് ഇടതിനെ ഇടതാക്കുന്നത്. അതിന്റെ ഭാഗമായി എന്തെങ്കിലും തിരുത്തല്‍ വേണമോ എന്നും ചിന്തിക്കാന്‍ മടി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുതലാളിത്ത വികസനത്തിന്റെ ഘട്ടത്തില്‍ ലാഭം എന്നുമാത്രം ചിന്തിക്കുന്ന ബൂർഷ്വകളുടെ കാര്യസ്ഥന്മാരായി ഭരണകൂടം മാറിയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ദേശീയ തലത്തില്‍ വിജയിച്ചു. മോഡിക്ക് ഇനി തോന്നിയ പോലെ രാജ്യത്തിന്റെ അടിത്തറ മാറ്റാന്‍ കഴിയില്ല. എക്സിറ്റ് പോള്‍ മാമാങ്കം വലതുപക്ഷത്തിന് വേണ്ടി അവരുടെ കൂട്ടാളികളായ കുത്തകകൾ നടത്തുന്ന മനഃശാസ്ത്ര യുദ്ധമാണ്.
എല്ലാ എക്സിറ്റ് പോളുകളും ബിജെപി തൂത്തുവാരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോര്‍പ്പറേറ്റ് ഓഹരികള്‍ക്കുള്ള വില കുതിച്ചുയര്‍ന്നു. പരാജയപ്പെടുമ്പോഴും കുത്തകളെ സഹായിക്കുന്ന നിലപാടാണ് ഭരണകൂടംകൈക്കൊണ്ടത്. രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഗൗരവത്തോടെ കാണണം. ഇതിന്റെപ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാ മതേതരശക്തികളും ചിന്തിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അത് വിലയിരുത്തേണ്ട കടമയുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം അറിയാതെയുള്ള വിമര്‍ശനങ്ങളെല്ലാം മാധ്യമ സൃഷ്ടികളാണ്. ഇടത് വോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പരിപാടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് സ്വാഗതവും ഡോ. എം എൻ സുധാകരൻ നന്ദിയും പറഞ്ഞു. ജനാധിപത്യം, ഫെഡറലിസം, നീതി വിഷയത്തിലുള്ള ദേശീയ സെമിനാർ ഇന്ന് സമാപിക്കും. സമാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.