Site iconSite icon Janayugom Online

അടൂര്‍ പ്രകാശിന് ബിനോയ് വിശ്വത്തിന്റെ മറുപടി; സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ ബിജെപി ആകാതെ നോക്കണമെന്ന്

സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ ബിജെപി ആകാതെ നോക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. സിപിഐ യുഡിഎഫിലേക്ക് വരണമെന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ രണ്ട് പ്രധാന നേതാക്കള്‍ ഇപ്പോള്‍ സ്ഥിരമായി മോഡി സ്തുതിയിലാണ്. അതില്‍ ഒരാള്‍ മലയാളിയാണ്. അവരെല്ലാം ബിജെപി ആകാതെ നോക്കേണ്ട കോണ്‍ഗ്രസ് ഇത്തരം ക്ഷണങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ രാഷ്ട്രീയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്. ആ ശരിയായ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളുടെ പാര്‍ട്ടിയാണ് സിപിഐ. 

ആ രാഷ്ട്രീയത്തില്‍ സിപിഐ തുടരുമെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫും ഘടക പാര്‍ട്ടികളും പ്രത്യേകമായും പഠിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാളിച്ച കണ്ടാല്‍ അത് തിരുത്തും. കുറവുണ്ടെങ്കില്‍ നികത്തും. തിരുത്തേണ്ടത് തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങും. എല്‍ഡിഎഫ് ജനങ്ങളുടെ പിന്തുണ നേടും, പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version