ഗ്യാരന്റികളുടെ ശവപ്പറമ്പിന് മുകളിലായാണ് പ്രധാനമന്ത്രി നില്‍ക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയപ്പോള്‍ പ്രഖ്യാപിച്ച ഉറപ്പുകളെല്ലാം നിലവില്‍ ചത്തുമലര്‍ന്നിരിക്കുകയാണ്. ഓരോ അക്കൗണ്ടുകളിലും ലക്ഷങ്ങള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെന്ന ഉറപ്പ് , എല്ലാവര്‍ക്കും വീട്, വിശപ്പ് രഹിത ഇന്ത്യ, ആറ് ലക്ഷം ഗ്രാമങ്ങളില്‍ സൈബര്‍ കണക്ടിവിറ്റി, എല്ലാവര്‍ക്കും തൊഴില്‍ തുടങ്ങിയ ഉറപ്പെല്ലാം നിലവില്‍ ചത്തുമലച്ചിരിക്കുകയാണ്.
ഇങ്ങനെ ഒരുപാട് ചത്ത് മലച്ച ഗ്യാരന്റികളുടെ മേല്‍ നിന്ന് കൊണ്ടാണ് തൃശ്ശൂരില്‍ നിന്ന് പുതിയ ഗ്യാരന്റിയെ കുറിച്ച് മോദി പറയുന്നത്. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ തന്റെ അവകാശവാദങ്ങളെല്ലാം സോപ്പുകുമുളകളെ പോലെ പൊട്ടുമെന്ന് മോദിക്ക് അറിയാം. അതുകൊണ്ട് ഓരോ തവണ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോഴും അദ്ദേഹവും പാര്‍ട്ടിയും വിഷയം വഴിതിരിച്ചുവിടും. ഇതാണ് അവരുടെ ഫാസിസ്റ്റ് ശൈലി. ഹിറ്റ്ലറിന്റെ അതേ തന്ത്രമാണ് മോദിയും പ്രയോഗിക്കുന്നത്. ബി ജെപിയുടെ ഐഡിയോളജി ഭാരതീയമല്ല.
ബിജെപിയുടെ ഹിന്ദുത്വവാദം ശബ്ദത്തില്‍ മാത്രമേയുള്ളു. ബാക്കിയെല്ലാം ഫാസിസ്റ്റ് ഐഡിയോളജിയാണ്. വൈദേശികമായ ആശയത്തിലൂന്നിയതാണ് ബി ജെപിയുടെ ഐഡിയോളജി. ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയം മനസിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അത് മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അറിവില്ലായ്മയാണ് മൂന്ന് സംസ്ഥാനങ്ങളും അവര്‍ക്ക് നഷ്ടമായത്. കോണ്‍ഗ്രസ് ഇതില്‍ നിന്നും പാഠം പഠിച്ചാല്‍ കൊള്ളാം. പക്ഷെ അതിന് യാതൊരു ലക്ഷണവും കണുന്നില്ല.
കേരളത്തിന്റെ വഴി കൊട്ടിയടക്കാന്‍ ശ്രമിക്കുന്ന ബി ജെപിയുടെ കൂടെയാണോ കേരളത്തിലെ പ്രതിപക്ഷം എന്ന് ചോദിക്കാന്‍ സമയമായി. അതേസമയം തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തെ വെള്ളപൂശാന്‍ വേണ്ടി അയോധ്യയിലേക്ക് എല്ലാവരെയും മോദി ക്ഷണിച്ചു. ആ സമയത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തങ്ങളില്ല എന്ന് പറയാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. എന്നാല്‍ തീരുമാനമെടുക്കാന്‍ ഒരാഴ്ച കോണ്‍ഗ്രസ് ചാഞ്ചാടി. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയെ ഗോഡ്സെയുടെ പാര്‍ട്ടി ക്ഷണിച്ചാല്‍ അത് ഇല്ലെന്ന് പറയാന്‍ എന്തിനാണിത്ര ചാഞ്ചാട്ടം.സി പി ഐയും സി പി എമ്മും കൈകൊണ്ട ആ നിലപാടിന്റെ പുറത്താണ് പിന്നീട് അയോധ്യയില്‍ പോകുന്നില്ലെന്ന നിലപാട് കോണ്‍ഗ്രസ് അറിയിച്ചത്.
കേരളത്തില്‍ ഇരുപത് സീറ്റുകളിലും ഇടതുപക്ഷം വിജയിക്കും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അര്‍ത്ഥമറിയാതെ തപ്പിതടയുകയാണ്. ബി ജെ പി എറിയുന്ന പണചാക്കില്‍ വീഴില്ലെന്നും ഇ ഡി,സി ബി ഐയുടെയും മുഷ്ടിക്ക് മുന്നില്‍ പതറില്ലെന്നും ഉറപ്പിച്ചുപറയാന്‍ ഇടതുപക്ഷത്തിന് സാധിക്കും, അതാണ് ഇടതു ഗ്യാരന്റി. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയം പറയാന്‍ ഭയപ്പെടുന്നു. 2024ല്‍ മോദി സര്‍ക്കാരിന്റെ പത്ത് കൊല്ലക്കാലം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടും. ആ വിചാരണയില്‍ തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധ്യമല്ലെന്ന് തികഞ്ഞ ബോധ്യമുള്ളവരാണ് മോദിസര്‍ക്കാരും ആര്‍ എസ് എസും. ഒരു സര്‍ക്കാരിന്റെ നയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ആ നയങ്ങളെപറ്റിയും നേട്ടങ്ങളെ പറ്റിയും പറയുമ്പോള്‍ മോദി സര്‍ക്കാര്‍ സാമാന്യം വലിയ പൂജ്യമാണ്.
ബി ജെ പി ശ്രീരാമനെ വോട്ട് അപേക്ഷകനാക്കി മാറ്റുന്നു. രാമായണത്തെ അവരുടെ മാനിഫെസ്റ്റോയും. വിശ്വാസപരമായി മോദിയുടെ ഈ പോക്ക് തെറ്റാണെന്ന് ശങ്കരാചാര്യന്‍മാര്‍ പറയുന്നു. മോദിയേക്കാള്‍ പതിന്‍മടങ്ങ് വിശ്വാസത്തിന്റെ മേഖലയില്‍ ആധികാരികതയോടെ പറയാന്‍ സാധിക്കുന്നവര്‍ തന്നെ പറയുന്നത് വിശ്വാസത്തിന്റെ കണ്ണാടിയില്‍ കൂടി നോക്കിയാല്‍ നീതികരിക്കപ്പെടുന്നതല്ല മോദി ചെയ്യുന്നത് എന്നാണ്. അയോധ്യയിലെ ശിലസ്ഥാപിച്ചത് ഒരു സെക്യുലര്‍ രാഷ്ട്രത്തിലെ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ആ പ്രധാനമന്ത്രിക്ക് സെക്യുലര്‍രാഷ്ട്രം എന്താണെന്ന് അറിയില്ല. അധികാരത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന ഒരു അധികാരി ദൈവത്തിന്റെ പേരില്‍ തുറക്കപ്പെടുന്ന ഒരു ക്ഷേത്രത്തിന്റെ മുഖ്യ പൂജാകര്‍മ്മം നടത്തുന്നതെങ്ങനെയാണെന്ന ചോദ്യങ്ങള്‍ക്കൊന്നും മോദി ഉത്തരം പറയില്ല. ഇന്ത്യയിലെ വിശ്വാസികള്‍ നില്‍ക്കുന്നത് വാത്മീകി രാമന്റെ കൂടെയാണ്.
രണ്ടാഴ്ചക്കിടയില്‍ രണ്ട് തവണ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചു. എന്നാല്‍ ഇത് വരെ മണിപ്പൂരില്‍ പോകാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. ഇത്രയും നെഞ്ചളവും നാക്കുമുള്ള പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ സഹോദരിമാരോട് ഇങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ നാക്ക് പൊങ്ങിയില്ല. ആ മോദിയാണ് തൃശൂരില്‍ വന്ന് നാരീശക്തിയെ കുറിച്ചും സ്ത്രീ അവകാശത്തെ പറ്റിയും പറഞ്ഞതെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രട്ടറി കെ വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
English Summary: binoy viswam against narendra modi
You may also like this video