Site iconSite icon Janayugom Online

ബയോകോണ്‍ കൈക്കൂലി; അഞ്ചുപേര്‍ അറസ്റ്റില്‍

ഇന്‍സുലിന്‍ കുത്തിവയ്പ് പരീക്ഷണവുമായി ബന്ധപ്പെട്ട ബയോകോണ്‍ കൈക്കൂലി കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പേര്‍.
ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെ ദേശീയ കാര്യവിഭാഗം മേധാവിയും അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ എല്‍ പ്രവീണ്‍കുമാര്‍, അസിസ്റ്റന്റ് ഡ്രഗ് ഇന്‍സ്പെക്ടര്‍ അനിമേഷ് കുമാര്‍, ജോയിന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഈശ്വര റെഡ്ഡി, സിനര്‍ജി നെറ്റ്‌വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ദിനേഷ് ദുവ, ബയോഇന്നൊവേറ്റ് റിസര്‍ച്ച് സര്‍വീസ് ഡയറക്ടര്‍ ഗുല്‍ജിത് സേതി എന്നിവരെയാണ് സിബിഐ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരിക്കുന്നത്.
മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് നാല് ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് ഈശ്വര റെഡ്ഡിയെ സിബിഐ പിടികൂടിയത്. മരുന്ന് പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് പതിവായി കൈക്കൂലി നൽകാറുണ്ടെന്നും സിബിഐ പറയുന്നു. ബയോകോണിന്റെ പ്രമേഹ മരുന്നായ ഇൻസുലിൻ അസ്പാർട്ട് കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ട പരീക്ഷണം ഒഴിവാക്കുന്നതിനായി ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥന് ഒമ്പത് ലക്ഷം രൂപ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ നാല് ലക്ഷം രൂപ കൈമാറുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്.
എന്നാല്‍ ബയോകോണിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ പ്രതികരിച്ചു.

eng­lish summary;Biocon bribery; Five arrested
You may also like this video;

Exit mobile version