Site iconSite icon Janayugom Online

ജൈവവൈവിധ്യ കർമ്മ പദ്ധതി കൂടുതൽ പഞ്ചായത്തുകളിൽ വ്യാപിപ്പിക്കും: മുഖ്യമന്ത്രി

കേരളം നടപ്പാക്കുന്ന ജൈവ വൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ പരിപാലന രംഗത്ത് ഇതു വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ ബോർഡിന്റെ 2019, 2020 വർഷങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജൈവവൈവിധ്യ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎൻഡിപി സഹായത്തോടെ നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കർമ പദ്ധതി വരുന്ന 10 വർഷംകൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യം. ജൈവവൈവിധ്യ സംരക്ഷവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജൈവവൈവിധ്യ ബോർഡ് മുൻകൈയെടുക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ ചടങ്ങില്‍ അധ്യക്ഷനായി.

‘ജൈവവൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ; സാധ്യതകളും നിയമവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം വി ഗോവിന്ദൻ ആദ്യ പ്രതി ഏറ്റുവാങ്ങി. തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ്, അംഗങ്ങളായ ഡോ. കെ സതീഷ് കുമാർ, ഡോ. ടി എസ് സ്വപ്ന, ഡോ. കെ ടി ചന്ദ്രമോഹൻ, കെ വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

eng­lish sum­ma­ry; Bio­di­ver­si­ty Action Plan to be extend­ed to more pan­chay­ats: CM
you may also like this video;

Exit mobile version