Site iconSite icon Janayugom Online

കോഴിക്കോട് സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ജില്ലയിൽ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേന്ദ്ര കർമ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി കൈകൊള്ളുവാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ജില്ലാ ഓഫീസർക്ക് നിർദേശം നൽകി. അധിക വ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദം ആണ് സ്ഥിരീകരിച്ചത്. 

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ ജനുവരി 6 മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് കണ്ടെത്തിയിരുന്നു. ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്ക് അയയ്ക്കുകയും ന്യൂമോണിയയുടെ ലക്ഷണം കാണിച്ചതിനെ തുടർന്ന് അന്ന് തന്നെ മരുന്നു നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വര്‍ധിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് കണ്ണൂർ ആർഡിഡിഎൽ തിരുവല്ല എഡിഡിഎൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു അധിക പരിശോധനകൾ നടത്തി. 

പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗ നിർണ്ണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം പ്രത്യേക ദൂതൻ വഴി കൊടുത്തയച്ചു. രോഗം പക്ഷിപ്പനി ആണ് എന്ന് സ്ഥിരീകരിച്ചു റിപ്പോർട്ട് ലഭിച്ചു. നിലവിൽ 1800 എണ്ണം ചത്തിട്ടുണ്ട്. മൊത്തം 5000 ൽ പരം കോഴികളാണ് ഫാമിൽ ഉള്ളത്.
ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എഡിജിപി വിഭാഗം ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തുടർ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉൾപ്പടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യും.

Eng­lish Sum­ma­ry: Bird flu con­firmed in kozhikode

You may also like this video

Exit mobile version