Site iconSite icon Janayugom Online

ബിജെപിയെ പിന്തുണച്ച ബിഷപ്പുമാർ ജബൽപ്പൂരിലെ ആക്രമണങ്ങള്‍ കാണാതെ പോകരുത്; ബിനോയ് വിശ്വം

വഖഫ് നിയമ ഭേദഗതിയിൽ ബിജെപിയെ പിന്തുണക്കാൻ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാർ അതേദിവസം ജബൽപ്പൂരിൽ നടന്ന ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആർഎസ്എസ് ആക്രമണങ്ങളെ കാണാതെ പോകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജബൽപ്പൂരിൽ ആരാധനക്കു പോയ ക്രിസ്തുമത വിശ്വാസികളെയാണ് വിശ്വഹിന്ദു പരിഷത്തുകാർ തടഞ്ഞുവച്ച് ആക്രമിച്ചത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചും അവർ ക്രൂരമായി ആക്രമിക്കപ്പെട്ടു. കെസിബിസിയും, സിബിസിഐയും ഇത്തരം സംഭവങ്ങളെപ്പറ്റി മൗനംപാലിച്ചാൽ സമൂഹം എന്ത് മനസിലാക്കണമെന്ന് ബിനോയ് വിശ്വം ചോദിച്ചു. 1964ൽ പോപ്പിന്റെ ഇന്ത്യാ സന്ദർശനത്തെ എതിർത്തുകൊണ്ടാണ് വിശ്വ ഹിന്ദു പരിഷത്ത് പരസ്യപ്രവർത്തനം ആരംഭിച്ചതെന്നും ആദരണീയരായ ബിഷപ്പുമാർ മറന്നുപോകരുത്. ആർഎസ്എസിന്റെ ഉപസംഘടനകളാണ് ബിജെപിയും വിഎച്ച്പിയും മറ്റും എന്ന സത്യവും അവർ മറക്കാതിരിക്കട്ടെ. 

ആർഎസ്എസ് നയിക്കുന്ന സംഘ്പരിവാർ വേദപുസ്തകം പോലെ കൊണ്ടാടുന്ന ഒന്നാണ് ‘വിചാരധാര’. ബിഷപ്പുമാർ അത് മനസിരുത്തി വായിക്കണം. ആ പുസ്തകം രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെപ്പറ്റിയുള്ള ആർഎസ്എസ് കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. അതിൽ മുസ്ലിങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഒപ്പം രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് ക്രിസ്ത്യാനികളെ പരാമർശിക്കുന്നത്. അത്തരം ഫാസിസ്റ്റ് ചിന്താഗതി ഇന്ത്യയുടെ മതേതര അടിത്തറ തകർക്കാൻ ശ്രമിക്കുമ്പോഴാണ് ബിജെപിക്ക് അനുകൂലമായി ബിഷപ്പുമാർ രംഗത്ത് വരുന്നത്. ക്രിസ്ത്യൻ — മുസ്ലിം സംഘർഷം കുത്തിപ്പൊക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആർഎസ്എസ് കെണിയിൽ അവർ പെട്ടുപോകരുതെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version