ക്രിസ്ത്യൻ ജനതയെ പാർട്ടിയോടടുപ്പിക്കാനുള്ള മുന്‍നീക്കങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും വീണ്ടും ക്രിസ്ത്യൻ ഭവന‑ദേവാലയ സന്ദർശനവുമായി ബിജെപി. 27ന് കാസർകോട് നിന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ആരംഭിക്കും. യാത്ര ഓരോ കേന്ദ്രത്തിലെത്തുമ്പോഴും മതനേതാക്കളുമായി സംവദിക്കും. പ്രധാനമായും ക്രിസ്ത്യൻ മതനേതാക്കളുമായി സംവദിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നേരത്തെ രണ്ടുതവണ ഇതേനീക്കം നടത്തിയിരുന്നു. എന്നാൽ മണിപ്പൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സംഘടനകൾ ശക്തമായ പ്രതിഷേധമുയർത്തിയതോടെ നീക്കം തകരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും നിർദേശപ്രകാരമാണ് മൂന്നാംതവണയും ഇത്തരമൊരു ശ്രമവുമായി ബിജെപി രംഗത്തെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും വിജയിക്കില്ലെന്ന് പാർട്ടി നേതൃത്വത്തിന് ഉറപ്പുണ്ടായിരിക്കെയാണ് കൊട്ടിഘോഷിച്ച് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിക്കുന്നത്.
വലിയ വിജയമായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ നവകേരള സദസിന്റെ മാതൃകയിലാണ് എൻഡിഎ പദയാത്ര സംഘടിപ്പിക്കുന്നത്. രാവിലെ മത‑സാമുദായിക നേതാക്കളുമായുള്ള സ്നേഹസംഗമങ്ങൾ, വികസന സെമിനാറുകൾ, എല്ലാ ദിവസവും രാവിലെ വാർത്താസമ്മേളനങ്ങൾ എന്നിവയുണ്ടാവും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പദയാത്രയിൽ ഓരോ മണ്ഡലത്തിൽ നിന്നും ആയിരംപേർ പുതുതായി ബിജെപിയിലും എൻഡിഎയിലും ചേരുമെന്ന അവകാശവാദവും ബിജെപി-എൻഡിഎ നേതൃത്വം ഉയർത്തുന്നു. 27ന് ദേശീയ അധ്യക്ഷൻ ജെപി നഡ്ഢ പദയാത്ര ഉദ്ഘാടനം ചെയ്യും.
എൻഡിഎ വീണ്ടും തട്ടിക്കൂട്ടിയെങ്കിലും മുന്നണിയിലെ പാർട്ടികൾക്ക് ജനപിന്തുണയില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ന്യൂനപക്ഷ സമുദായങ്ങളുട വിശ്വാസം പിടിച്ചുപറ്റാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.
English Summary: BJP again visits homes for Christian appeasement
You may also like this video

