നിതീഷ് കുമാറിന്റെ ജെഡിയുവും ജയന്ത് ചൗധരിയുടെ ആർഎൽഡിയും എൻഡിഎയില്‍ മടങ്ങിയെത്തിയതിനെ തുടർന്നുണ്ടായ രണ്ട് മാസത്തെ ആശങ്കകള്‍ക്കും രാഷ്ട്രീയ തിരിച്ചടികൾക്കും ശേഷം പ്രതിപക്ഷസഖ്യമായ ഇന്ത്യക്ക് ഫെബ്രുവരിയുടെ അവസാനവാരം ശുഭാപ്തിവിശ്വാസത്തിന്റേതായി. ഫെബ്രുവരി 20ന് ചണ്ഡീഗഡ് കോർപറേഷന്‍ മേയറായി എഎപി സ്ഥാനാർത്ഥിയെ സുപ്രീം കോടതി തീരുമാനിച്ചതിനു പിന്നാലെ ഉത്തർപ്രദേശിലെ നിർണായകമായ 80 ലോക്‌സഭാ സീറ്റുകളില്‍ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടായതും ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ, ചണ്ഡീഗഡ് സീറ്റുകളിൽ എഎഎപി-കോൺഗ്രസ് സഖ്യവും പുതിയ ഊര്‍ജമാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെ ബിഹാറിലും ഝാർഖണ്ഡിലും ചർച്ച നടക്കും. മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ഓരോ ഘട്ടത്തിലും പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും വിവരം ധരിപ്പിച്ച്, ആവശ്യമെങ്കിൽ ഉന്നതതലത്തിൽ നിന്ന് ഇടപെടലിലൂടെ വലിയ തർക്കങ്ങൾ പരിഹരിക്കുന്നു. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച ജനുവരി 22ലെ രാമക്ഷേത്ര തരംഗത്തിനു പിന്നാലെ ഏറെ വെെകാതെ തന്നെ കാര്യങ്ങള്‍ അത്ര മോശമല്ലെന്ന ഇന്ത്യ സഖ്യകക്ഷികളുടെ തിരിച്ചറിവിന്റെ ഫലമാണ് ഈ യോജിപ്പ്.
ഒന്നിച്ചാൽ 2024ല്‍ ബിജെപിയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യക്ക് കഴിയും. ഇതിന്റെ അലയൊലി എല്ലായിടത്തും അനുഭവപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുവേണ്ടി കുഴലൂതുന്ന കോർപറേറ്റ് മാധ്യമങ്ങള്‍ക്ക് പോലും ബിജെപിക്ക് ഇത്തവണ അനായാസ വിജയമായിരിക്കുമെന്ന് അഭിപ്രായമില്ല. ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. എൻഡിഎ മൂന്നാം തവണയും വിജയിച്ചേക്കാം. എന്നാല്‍ 2019ല്‍ ബിജെപി നേടിയ 303 സീറ്റുകൾ വിദൂരസ്വപ്നമാകുമന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മോഡി അനുകൂല ക്യാമ്പിലും ചില സംശയങ്ങൾ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, മാർച്ച് പകുതിയോടെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം സീറ്റ് വിഭജന പ്രക്രിയ പൂർത്തിയാക്കുമെങ്കില്‍ അവരുടെ ആശങ്ക കൂടുതൽ വലുതാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ വാർ റൂം ജനുവരി അവസാനവാരം രാമക്ഷേത്ര ഉദ്ഘാടനത്തോടെ ശുഭാപ്തിവിശ്വാസത്തിന്റെ പരകോടിയിലായിരുന്നു. എന്നാലിപ്പോൾ അവിടെ, പുതിയ സാധ്യതകളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടക്കുകയാണ്. 2004ലെ ഫലം ഇത്തവണ ആവര്‍ത്തിക്കുമോ എന്നതാണ് ചര്‍ച്ച. പ്രതിപക്ഷത്തിന് അവസരങ്ങള്‍ ഇപ്പോഴുമുണ്ട്. വ്യക്തമായ തെരഞ്ഞെടുപ്പ് തന്ത്രത്തിലൂടെ ഇന്ത്യ സഖ്യത്തിന് അത് ഉറപ്പാക്കാനാകും. ബിജെപിയുടെ 303 എന്ന നില 200–220 എന്ന നിലയിലേക്ക് താഴ്ത്താം. അതിന് 2019 തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ ഹിന്ദി സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്.
ഇതുകൂടി വായിക്കൂ:നിലയും നിലപാടും മറന്ന കോണ്‍ഗ്രസ്
പ്രാദേശിക പാർട്ടികൾ താരതമ്യേന മികച്ച പ്രകടനം നടത്താനാണ് സാധ്യത. പക്ഷേ ബിജെപിയെ വെല്ലുവിളിക്കണമെങ്കില്‍ ഹിന്ദി മേഖലയില്‍ പ്രധാന പാർട്ടിയായ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയാലേ സാധിക്കൂ. 2019ൽ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് 40 ശതമാനം ‘സ്ട്രെെക്ക് റേറ്റ്’ നേടിയാൽ എന്‍ഡിഎയ്ക്ക് 80 മുതൽ 100 വരെ സീറ്റുകൾ കുറയും. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഡൽഹി എന്നിവയാണ് കഴിഞ്ഞ തവണ ബിജെപിയെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സംസ്ഥാനങ്ങൾ. ആകെ 225 സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കേവലം ആറ് സീറ്റുകളും ബിജെപിക്ക് 177 സീറ്റുകളും ലഭിച്ചു. ബിഹാർ, യുപി, ഡൽഹി എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോൺഗ്രസാണ് ‘ഇന്ത്യ’യുടെ പ്രധാന കക്ഷി. അവര്‍ ഈ മേഖലയില്‍ നിന്ന് 40 സീറ്റെങ്കിലും അധികമായി നേടേണ്ടതുണ്ട്. ഹിന്ദി ഹൃദയഭൂമിക്കപ്പുറം കർണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 10 മുതൽ 15 വരെ സീറ്റുകൾ കൂടി കൂട്ടിച്ചേർക്കാനായാല്‍ 100 കടക്കാൻ കോൺഗ്രസിനാകും. യുപിയില്‍ സമാജ്‌വാദി പാർട്ടിക്ക് പുതിയ 10 സീറ്റുകളും ബിഹാറിൽ ജെഡിയുവിന്റെ ദയനീയാവസ്ഥയില്‍ ഇന്ത്യാസഖ്യത്തിന് 15–20 സീറ്റുകൾക്കും സാധ്യതയുണ്ട്. ബംഗാളിൽ പ്രതിപക്ഷ സഖ്യം പരിഗണിക്കാതെ തന്നെ ബിജെപിയുടെ 10 സീറ്റുകളെങ്കിലും നഷ്ടപ്പെട്ടേക്കാം. അങ്ങനെ വന്നാല്‍ അവര്‍ 220 സീറ്റുകളിലേക്ക് ചുരുങ്ങും. അത് കോൺഗ്രസിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നതിൽ സംശയമില്ല.
ഹിന്ദി മേഖലയില്‍ കോൺഗ്രസ് പരാജയപ്പെട്ടാൽ ബിജെപി 260 എന്ന സംഖ്യ മറികടക്കും. 240ന് മുകളിൽ സീറ്റ് നേടിയാല്‍ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നതാണ് ഇന്ത്യാസഖ്യം ഓർക്കേണ്ട ഒരു കാര്യം. ആ പാർട്ടിക്ക് ഫണ്ട് ഒഴുകുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ അവര്‍ വൻതുക ചെലവഴിക്കും. ബിജെപി തെരഞ്ഞെടുപ്പ് ‘യന്ത്രം’ അത്യാധുനികമാണ്. പാർട്ടി സ്വന്തം സർവേ ഏജൻസികൾ വഴി സാധ്യതകൾ സ്ഥിരമായി നിരീക്ഷിക്കുകയും ഉടനടി തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഏറ്റവും വലിയ തന്ത്രജ്ഞനാണ്. അതുകൊണ്ട് സഖ്യകക്ഷികളുടെ താഴെത്തട്ടിൽ വരെ പരമാവധി ഐക്യം ഇന്ത്യാസഖ്യം ഉറപ്പാക്കേണ്ടതുണ്ട്. ബിജെപിക്കും അതിന്റെ നയങ്ങൾക്കുമെതിരെ രോഷാകുലരായ വോട്ടർമാരെ ശരിയായ മുദ്രാവാക്യവുമായാണ് സമീപിക്കേണ്ടത്. അടുത്ത ആഴ്‌ചകൾ നിർണായകമാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ശരിയായ പങ്ക് വഹിക്കാൻ കോൺഗ്രസിന് സ്വന്തം നിലയും ഭദ്രമാക്കേണ്ടതുണ്ട്. (അവലംബം: ഐപിഎ)