2 May 2024, Thursday

നിലയും നിലപാടും മറന്ന കോണ്‍ഗ്രസ്

Janayugom Webdesk
February 7, 2024 5:00 am

യോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ഗുജറാത്ത് നിയമസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കി. ഇതാെരു സ്വാഭാവിക വാര്‍ത്തയാണ്. പക്ഷേ ഇങ്ങനെയാെരു പ്രമേയത്തെ പ്രതിപക്ഷനിരയിലെ കോൺഗ്രസും ആം ആദ്മി പാർട്ടിയും പിന്തുണച്ചുവെന്ന വാര്‍ത്തയെ നിഷ്കളങ്കമെന്നു കരുതി തള്ളിക്കളയാനാകില്ല. രാജ്യം എത്തിപ്പെട്ടിരി‌ക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ കവാടം തുറന്നുകാെടുക്കുന്ന കാവല്‍ക്കാരന്റെ ജോലിയാണ് കോണ്‍ഗ്രസും അരവിന്ദ് കെജ്‍രിവാളിന്റെ പാര്‍ട്ടിയും നിറവേറ്റിയത് എന്നുപറഞ്ഞാല്‍ തെല്ലും അതിശയോക്തിയാകില്ല. ‘സഹസ്രാബ്ദങ്ങള്‍ ഓർമ്മിക്കപ്പെടുന്ന ചരിത്രപരമായ സാംസ്കാരിക ദൗത്യം’ നിർവഹിച്ചതിന് മോഡിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രമേയം അവതരിപ്പിച്ചത്. ജനുവരി 22ന് ഗുജറാത്തിന്റെ പുത്രനും മുൻ സഭാനേതാവുമായ മോഡി രാമക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ വികാരാധീനരായിരുന്നുവെന്നും സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രാമജന്മഭൂമി രഥയാത്രയുടെ സാരഥിയായി പ്രവർത്തിച്ചത് നരേന്ദ്ര മോഡിയായിരുന്നുവെന്നും പട്ടേൽ പറഞ്ഞു. എന്നാല്‍ 1989ൽ ക്ഷേത്രഭൂമിയില്‍ തറക്കല്ലിടൽ ചടങ്ങ് നടത്താൻ അനുമതി നൽകിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് പ്രമേയത്തെ സ്വാഗതം ചെയ്ത കോൺഗ്രസ് എംഎൽഎ അർജുൻ മോധ്‌വാഡിയ സഭയെ ഓർമ്മിപ്പിച്ചു. തീര്‍ന്നില്ല, 1949ൽ തര്‍ക്കസ്ഥലത്ത് ആദ്യമായി രാമവിഗ്രഹം കണ്ടെത്തിയെന്ന് അവകാശവാദമുയരുകയും കോടതി ഉത്തരവിനെത്തുടര്‍ന്ന് ഖനനം തുടരുകയും ചെയ്തപ്പോൾ ജവഹർലാൽ നെഹ്രുവായിരുന്നു പ്രധാനമന്ത്രിയെന്ന് ആവേശപൂര്‍വം അവകാശപ്പെടാനും കോണ്‍ഗ്രസ് അംഗം തയ്യാറായി. കഴിഞ്ഞമാസം ക്ഷേത്ര സമർപ്പണച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിന് തന്റെ പാർട്ടിയുടെ നേതൃത്വത്തെ പരസ്യമായി വിമർശിച്ചയാളാണ് മോധ്‌വാഡിയ. ആം ആദ്മി പാർട്ടിയുടെ ഉമേഷ് മക്‌വാനയും പ്രമേയത്തെ സ്വാഗതം ചെയ്യുകയും ക്ഷേത്രവളപ്പില്‍ ആശുപത്രിയും കോളജും നിർമ്മിക്കണമെന്ന നിർദേശമുന്നയിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ;  ബിജെപിയുടെ വർഗീയ പ്രചരണവും ഏറ്റുപിടിക്കുന്ന കോൺഗ്രസും


രൂപീകരണകാലം മുതല്‍ ബിജെപിയുടെ ബി ടീം എന്ന ഖ്യാതി ആം ആദ്മി പാര്‍ട്ടിക്കുണ്ട്. സ്വന്തമായി നയമോ അജണ്ടയോ ഇല്ലാത്ത ആ പാര്‍ട്ടി, വോട്ട് ബാങ്ക് കേന്ദ്രീകരിച്ച് നയം മാറ്റിക്കൊണ്ടിരിക്കും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ മാസം മാത്രം അവശേഷിക്കേ മോഡിയുടെ ഹിന്ദുവര്‍ഗീയതയ്ക്കെതിരെ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ ബാധ്യതയുള്ള കോണ്‍ഗ്രസിന്റെ മോഡി സ്തുതി ആ പാര്‍ട്ടിയുടെ നിലപാടില്ലായ്മയ്ക്ക് അടിവരയിടുന്നു. കാലങ്ങളായി കോൺഗ്രസ് പരീക്ഷിക്കുന്നത് മൃദുഹിന്ദുത്വമാണ്. ദിഗ്‌വിജയ സിങ്ങിനെ പോലുള്ളവര്‍ പലപ്പോഴും ഹിന്ദുത്വനയങ്ങളുടെ വക്താക്കളായിത്തന്നെ പെരുമാറുകയും രാമക്ഷേത്രം ഉദ്ഘാടനം പോലുള്ള പരിപാടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയും മതചടങ്ങുകളില്‍ പങ്കെടുത്തും തങ്ങള്‍ ഹിന്ദുത്വയോടൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധിയും തെളിയിച്ചുകൊണ്ടിക്കുന്നു. സംഘ്പരിവാര്‍ എന്ന ‘ഒറിജിനല്‍’ ഉള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ മായം കലര്‍ന്ന ഹിന്ദുത്വ വേണ്ടതില്ലെന്ന് വോട്ടർമാർ പലതവണ തെളിയിച്ചിട്ടുള്ളതാണ്. ആ കളിയില്‍ മോഡിയെയോ ആദിത്യനാഥിനെയോ മറികടക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുകയുമില്ല. അതിനാൽ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രണ്ടാംനിരയാകാതെ ജനോപകാരപ്രദമായ ഏതെങ്കിലും വിഷയത്തില്‍ പ്രചാരണം നടത്താൻ ശ്രമിക്കുകയും വ്യക്തമായ നിലപാട് എടുക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.


ഇതുകൂടി വായിക്കൂ;   കേരളത്തിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു


ഇടതുപക്ഷത്തെയും ആര്‍എസ്എസിനെയും പോലെ കൃത്യമായ ആശയമുള്ള പാര്‍ട്ടിയല്ല കോൺഗ്രസ്. പരമ്പരാഗതമായി അതൊരു സാമൂഹിക സഖ്യമാണ്. ചരിത്രം പരിശോധിച്ചാൽ അവരൊരിക്കലും കറകളഞ്ഞ മതനിരപേക്ഷവാദികളായിരുന്നില്ല എന്ന് കാണാനാവും. കൊളോണിയൽ ആധിപത്യത്തിന് കീഴിലുള്ള ഇന്ത്യയിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ മതപരമായ നിഷ്പക്ഷത അടിസ്ഥാനനയമായി അംഗീകരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസും മതപരമായ നിഷ്പക്ഷത എന്ന പാരമ്പര്യം തുടർന്നു. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും നേതൃത്വത്തിൽ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന സമീപനമാണ് വളർത്തിയെടുത്തത്. ഇന്ത്യയിലെ മതനിരപേക്ഷത യൂറോപ്യൻ രാജ്യങ്ങളിലെ വികസിതമായ മതനിരപേക്ഷതയുമായി തുലനം ചെയ്യാനാകാത്തതാണ്. മതത്തെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയത്തെ മതത്തിൽ നിന്നും വേർപെടുത്തുന്നതാണ് യൂറോപ്പിലെ മതനിരപേക്ഷത. ഇന്ത്യയിലാകട്ടെ എല്ലാമതങ്ങളെയും അംഗീകരിക്കുന്ന സമവായ രൂപമാണ്. പരമ്പരാഗതമായി സഹിഷ്ണുതാ മൂല്യങ്ങളുടെ അക്ഷയഖനിയും എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതുമാണ് ഹൈന്ദവ സംസ്കാരം എന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എല്ലാത്തരം ആരാധനാ മാർഗങ്ങളെയും തിരിച്ചറിയാനും ഉൾക്കൊള്ളാനും അതിന് കഴിയുമെന്നും ഹിന്ദുമതത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കീഴ്പ്പെടലാണ് ശരിയായ മതനിരപേക്ഷത എന്നുമായിരുന്നു ഹിന്ദുത്വവാദികൾ പ്രചരിപ്പിച്ചത്. ജനാധിപത്യപരമായ പുരോഗതിയെ ഇല്ലാതാക്കുന്നതും ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തെ ശരിവയ്ക്കുന്നതുമാണ് ഈ കാഴ്ചപ്പാട്. ഹിന്ദുമതത്തെ സംസ്കാരമായി അവതരിപ്പിക്കുന്ന ഈ നിലപാടും യഥാര്‍ത്ഥ മതനിരപേക്ഷതയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനോ വേർതിരിക്കാനോ കോൺഗ്രസിനും അതിന്റെ ഭരണാധികാരികള്‍ക്കും ഒരുകാലത്തും കഴിഞ്ഞിരുന്നില്ല. അതിന്റെ ദുരന്തമാണ് രാജ്യവും ആ പാര്‍ട്ടിയും ഇന്നനുഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.