Site iconSite icon Janayugom Online

അഗ്‌നിപഥിനെതിരേ ബിജെപിയിലും, എന്‍ഡിഎയിലും പ്രതിഷേധം

മോഡി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുവാനുദ്ദേശിക്കുന്ന ഹ്രസ്വകാല സൈനികനിയമന പദ്ധതിയായ അഗ്‌നിപഥിനെതിരേ യുവാക്കളുടെ പ്രതിഷേധം രാജ്യവ്യാപകമാകുന്നത് കേന്ദ്ര സർക്കാരിനും ബിജെപി കടുത്ത തലവേദന തീർക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിെയിലും എതിര്‍പ്പുകള്‍ ശക്തമാകുന്നു. യുവാക്കൾക്ക് മുൻഗണന നൽകുന്ന സർക്കാരെന്ന അവകാശവാദം തിരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കുന്ന ബിജെപി.ക്ക് അക്രമത്തിലേക്ക് വഴുതുന്ന സമരത്തെ അടിച്ചമർത്തുക എളുപ്പമല്ല. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പുകൾക്ക് മാസങ്ങൾമാത്രമേ ബാക്കിയുള്ളൂ എന്നതും വെല്ലുവിലിയാണ്. പ്രക്ഷോഭം നീണ്ടാൽ പ്രതിപക്ഷ പാർട്ടികൾ ഇത് മുതലെടുക്കുമെന്ന് വ്യക്തമാണ്. മുൻപ് കർഷക നിയമം കേന്ദ്രത്തിൽ പാസാക്കിയതിന് പിന്നാലെയുള്ള പ്രക്ഷോഭം ആളി പടർന്നപ്പോൾ കേന്ദ്രസർക്കാറിന് ഈ നിയമത്തിൽ നിന്നും പിന്നോട്ടു പോകേണ്ടി വന്നു. 

സമാനമായി വിധത്തിലാണ് ഇപ്പോൾ സേനാ റിക്രൂട്ടിംഗിൽ കേന്ദ്രസർക്കർ പരിഷ്‌ക്കരണം കൊണ്ടുവന്നപ്പോൾ ഉണ്ടായിരിക്കുന്ന പ്രക്ഷോഭങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ തന്നെയാണ് യുവാക്കളെ ഈ പദ്ധതിക്കെതിരെ തെരുവിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നാല് വർഷം മാത്രം ജോലി ചെയ്യാൻ വേണ്ടി തങ്ങളുടെ ദ്വീർഘകാലത്തെ പരിശീലനം വെറുതേയാകും എന്ന വികാരമാണ് യുവാക്കളെ തെരുവിലെത്തിച്ചത്. ഈ സമരം ഈ നിലയിൽ മുന്നോട്ടു പോകാൽ അത് ബിജെപിക്ക് ശരിക്കും തലവേദനയാകുമെന്ന് ഉറപ്പാണ്.ഈ സാഹചര്യത്തിൽ വിഷയം കൈവിട്ടു പോകാതിരിക്കാൻ ജാഗ്രതയോടെയാണ് നീക്കം. പദ്ധതിയെക്കുറിച്ച് ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. എൻഡി.എക്കുള്ളിലും അസ്വസ്ഥത പുകയുന്നുമുണ്ട്.അഗ്‌നിപഥ് അടിയന്തരമായി പിൻവലിക്കണമെന്ന് ഘടകകക്ഷിയായ ജെ.ഡി-യു. ആവശ്യപ്പെട്ടത് ക്ഷീണമായി. 

പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത് ജെഡിയുവിന്റെ തട്ടകമായ ബിഹാറിലാണ്. ബിഹാർ നിന്നു കത്തുന്ന അവസ്ഥയാണുള്ളത്. പഞ്ചാബിൽ ബിജെപി.യെ പിന്തുണയ്ക്കുന്ന മുന്മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും എതിർപ്പിലാണ്.കാർഷിക പരിഷ്‌കരണ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരരംഗത്തിറങ്ങിയതിന് സമാനമായ രംഗങ്ങളാണ് രാജ്യവ്യാപകമായി അരങ്ങേറുന്നത്. കർഷകസമരം സമാധാനത്തിന്റെ പാതകയിലായിരുന്നു എങ്കിൽ ഇവിടെ വ്യത്യസ്തമായി അക്രമസംഭവങ്ങൾ വ്യാപകമായത് ആശങ്കയുയർത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് രണ്ട് ദിവസത്തിനുള്ളിൽ സമരം ദക്ഷിണേന്ത്യയിലേക്കും പടർന്നുകഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി സേനകളിലേക്ക് സ്ഥിരം നിയമനത്തിന് കാത്തിരിക്കുന്ന യുവാക്കളുൾപ്പെടെയുള്ളവർ സമരരംഗത്തുണ്ട്.വരുംദിവസങ്ങളിൽ സമരത്തിന്റെ ദിശ നിശ്ചയിക്കുക എളുപ്പമല്ല. സമരത്തിന് പലയിടങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ലഭിക്കുന്നതും വിഷയം രൂക്ഷമാക്കുന്നുണ്ട്. 

യുവാക്കളുടെ പ്രതിഷേധം ശമിപ്പിക്കാൻ അഗ്‌നിപഥ് പദ്ധതിയിൽ പ്രവേശനത്തിനുള്ള പ്രായപരിധി ഈ വർഷം വർധിപ്പിച്ചെങ്കിലും അത് കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല. അതിനിടെ, പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസർക്കാരും ബിജെപി.യും രംഗത്തെത്തിയിട്ടുണ്ട്.പദ്ധതി യുവാക്കൾക്ക് സുവർണാവസരമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിപ്ലവമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കുറച്ചുകാലത്തേക്കാണെങ്കിലും രാജ്യത്തെ സേവിക്കാൻ യുവാക്കൾക്ക് അവസരം നൽകുമെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെപി. നഡ്ഡയും അവകാശപ്പെട്ടു. എന്നാൽ, പദ്ധതി പിൻവലിക്കണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കോൺഗ്രസും ഇടതുപാർട്ടികളും ആർജെഡിയും ഈ നിലപാട് ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം പാളയത്തിലെ പടയും ബിജെപിയെ സമ്മർദത്തിലാഴ്‌ത്തും.

Eng­lish Sum­ma­ry: BJP and NDA protest against Agneepath

You may also like this video:

Exit mobile version