കൊല്‍ക്കത്തയില്‍ 31കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നബാനയിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ബന്ദിന് ആഹ്വാനം ചെയ്തു.
”പശ്ചിം ബംഗാ ഛത്ര സമാജ്” എന്ന രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥി സംഘടനയും ”സംഗ്രാമി ജൗതാ മഞ്ച” എന്ന വിമത സംസ്ഥാന സര്‍ക്കാര്‍ സംഘടനയും ചേര്‍ന്നാണ് ”നബാന അഭിജാന്‍” എന്ന പേരില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്.ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇത് ബിജെപിയുടെ പിന്തുണയോടെയുള്ള പ്രതിഷേധമാണെന്ന് ആരോപിച്ചിരുന്നു.
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.
17 സ്ത്രീകള്‍ ഉള്‍പ്പെടെ 160 പ്രതിഷേധക്കാര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റിറ്റുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദ് അധികാരി ആരോപിച്ചു.നിരവധി പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവായ അധികാരി ഗവര്‍ണര്‍ ആനന്ദ ബോസിനോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ ബന്ദില്‍ സഹകരിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഒരു ബന്ദിനും സര്‍ക്കാര്‍ അനുവദിക്കില്ല.അതില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ബന്ദ് സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ നടപടികും സ്വീകരിക്കുമെന്നും മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപന്‍ ബന്ദോപാധ്യായ പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ അവധിയെടുക്കുന്നവരോ അവധിയില്‍ തുടരുന്നവരോ ഒഴികെ എല്ലാവരും ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.