Site iconSite icon Janayugom Online

ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി ഭഗീരഥ പ്രയത്നത്തില്‍; ചാക്കിട്ടു പിടുത്തത്തില്‍ പേടിച്ച് കോണ്‍ഗ്രസ്

ഗോവയില്‍ എങ്ങനെയും അധികാരം പിടിക്കുന്നതിനായി ബിജെപി അണിയറയില്‍ നീക്കം തുടങ്ങി. ബി ജെ പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് സാവന്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രമോദ് സാവന്തിന്റെ പ്രതികരണം

തെരഞ്ഞെടുപ്പിന് ശേഷം താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യാനാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ് പോളുകളില്‍ പല പ്രവചനവും വരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വിശദമായ ധാരണ നല്‍കുന്നതിനാണ് മോഡിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് ഒന്നോ രണ്ടോ സീറ്റില്‍ കുറവുണ്ടായാല്‍, വിജയിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന സ്വതന്ത്രന്മാരുണ്ടെന്നും പ്രമോദ് സാവന്ത് പറയുന്നു. ബി ജെ പിയുടെ സംസ്ഥാന ഘടകവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഗോവയില്‍ തൂക്ക് മന്ത്രിസഭയാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബി ജെ പിക്കോ കോണ്‍ഗ്രസിനോ സുഖകരമായ വിജയം ആരും പ്രവചിക്കുന്നില്ലെങ്കിലും കടുത്ത പോരാട്ടമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്

ഒട്ടുമിക്ക സര്‍വേകളും ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം എ ബി പി സീ വോട്ടര്‍ സര്‍വേയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചു. ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാകുമെന്ന് ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി (എം ജി പി) സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. അതിനിടെ ബി ജെ പിയുടെ ഗോവ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്.

2019 ല്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രണ്ട് എം ജി പി മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായാല്‍ ബി ജെ പിയെ പിന്തുണയ്ക്കില്ലെന്നും മറ്റ് നേതാക്കളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും എം ജി പി അറിയിച്ചിട്ടുണ്ട്. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017ല്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബി ജെ പി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും എം ജി പിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു.

രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

അതേസമയം ഇത്തവണ ഏത് വിധേനയും കൂറുമാറ്റം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായിട്ടായിരുന്നു ഗോവ തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 10 ന് ഗോവ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.ദിനേഷ് ഗുണ്ടുറാവു , പി ചിദംബരം, ഡികെ ശിവകുമാര്‍, സതീഷ് ജാര്‍ക്കിഹോളി, സുനില്‍ കേദാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ഗോവയില്‍ക്യാമ്പ് ചെയ്യുകയാണ്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുമോയെന്നു കോണ്‍ഗ്രസ്ഭയക്കുന്നു

Eng­lish Sumam­ry: BJP Bha­gi­ratha seeks to retain pow­er in Goa; Con­gress fears sacking

You may also like this video:

Exit mobile version