Site iconSite icon Janayugom Online

കര്‍ണാടകയില്‍ വൈറലായി ‘ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക’

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന കർണാടക നിയമസഭാ ബിജെപി സ്ഥാനാർത്ഥി പട്ടിക പാര്‍ട്ടിക്കുള്ളില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമാകുന്നു. തമ്മിലടി ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയയിലെ സ്ഥാനാര്‍ത്ഥി പട്ടിക വ്യാജമാണെന്ന് വിശദീകരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വ്യാജ സ്ഥാനാര്‍ത്ഥി പട്ടിക കോൺഗ്രസ് ഫാക്ടറിയിൽ നിർമ്മിച്ച നുണയാണെന്നാണ് ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള അരുൺ സിങ് ആരോപിക്കുന്നത്.

ബിജെപി ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. എട്ടിന് നടക്കുന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ആദ്യപട്ടിക പുറത്തിറക്കാനാവു എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ‘സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ പട്ടിക വ്യാജമാണ്’ എന്ന് ബിജെപി സംസ്ഥാന ഘടകം ട്വീറ്റും ചെയ്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്കമംഗളൂരു എംഎൽഎയുമായ സി ടി രവിയുടെ ട്വീറ്റും സമാന വിശദീകരണവുമായി വന്നു.

അതേസമയം. ചൊവ്വാഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇതോടൊപ്പം നാല് പേജുകളിലായി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

Eng­lish Sam­mury: Kar­nata­ka BJP clar­i­fies on con­tes­tants list which is viral

 

Exit mobile version