Site iconSite icon Janayugom Online

ബിജെപി മുഖ്യമന്ത്രിമാർക്ക് ജനങ്ങളുടെ അംഗീകാരമില്ലെന്ന് സർവേ; മികച്ച മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും

രാജ്യത്തെ ജനപ്രീതിയുള്ള നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നാംസ്ഥാനത്തുണ്ടെങ്കിലും ബിജെപി മുഖ്യമന്ത്രിമാരോട് രാജ്യത്തെ ജനങ്ങൾക്ക് താല്പര്യമില്ലെന്ന് സർവേ. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ ബിജെപിയുടെ നില ഭദ്രമല്ലെന്ന് ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേ വെളിപ്പെടുത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും നടന്ന സർവേയിൽ 50 ശതമാനം മാർക്ക് നേടിയ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ബിജെപിയിൽ നിന്ന് ഒരാൾ മാത്രമാണുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലുണ്ട്. 

ഒഡിഷയിൽ 71 ശതമാനം പേർ നവീൻ പട്നായിക്കിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, പശ്ചിമ ബംഗാളിൽ നിന്നുള്ള 69.9 ശതമാനം പേർ മമത ബാനർജിയുടെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 67.5 ശതമാനം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ 61.1 ശതമാനം, ഡൽഹിയുടെ അരവിന്ദ് കെജ്‍രിവാൾ 57.9 ശതമാനം, അസമിൽ ഹിമന്ത ബിശ്വ ശർമ്മ 56.6 ശതമാനം, ഛത്തീസ് ഗഡ് 56.6 ശതമാനം എന്നിങ്ങനെയാണ് ജനങ്ങളുടെ അംഗീകാരം. യുപിയിൽ 48.7 ശതമാനം പേർ മാത്രമാണ് മുഖ്യമന്ത്രി ആദിത്യനാഥിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. 

ഒരു മഹാമാരിയുടെ രണ്ട് തരംഗങ്ങൾ, തകർന്ന സമ്പദ്‌വ്യവസ്ഥ, ചൈനയുമായുള്ള അതിർത്തി ഏറ്റുമുട്ടൽ, കർഷകരുടെ പ്രതിഷേധം എന്നിവയുണ്ടായിട്ടും സർവേയിൽ പങ്കെടുത്തവരിൽ 58 ശതമാനം മോഡി സർക്കാരിന്റെ പ്രകടനത്തിൽ തൃപ്തരാണ് എന്ന് രേഖപ്പെടുത്തി. മോഡിയുടെ വ്യക്തിപരമായ പ്രകടനം നല്ലതാണെന്ന് 63 ശതമാനം വിലയിരുത്തി. 2020 ഓഗസ്റ്റിൽ, കോവിഡ് ആദ്യ തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ മോഡി നേടിയ 78 ശതമാനം അംഗീകാരത്തിൽ നിന്ന് താഴെയാണ് ഇപ്പോഴത്തെ ഫലം. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന നിലയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് തൊട്ടടുത്ത സ്ഥാനത്ത് 46 ശതമാനം. 

യുപിയിൽ പ്രധാനമന്ത്രിയുടെ ജനപ്രീതി 75 ശതമാനമായിട്ടും 48.7 ശതമാനം പേർ മാത്രമാണ് ആദിത്യനാഥിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. ഗോവയിൽ 67 ശതമാനം പ്രധാനമന്ത്രിയോടൊപ്പം നിന്നു. എന്നാൽ 27.2 ശതമാനം മാത്രമാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ അനുകൂലിച്ചത്. ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി 59 ശതമാനത്തിന്റെയും മുഖ്യമന്ത്രി പുഷ്കർ ധാമി 41 ശതമാനത്തിന്റെയും അംഗീകാരം നേടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രാദേശിക വിഷയങ്ങളും നേതൃത്വവും വിലയിരുത്തി വോട്ട് ചെയ്യുകയാണെങ്കിൽ ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും അധികാരത്തിലെത്താൻ കഠിനമായ ശ്രമം നടത്തേണ്ടി വരും. രാമക്ഷേത്ര വിഷയം, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ മുൻകാലങ്ങളിൽ ബിജെപിയുടെ ജനപ്രീതി ഉയർത്തിയ വിഷയങ്ങൾ ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന നേട്ടങ്ങളല്ലെന്ന് സർവേ സൂചിപ്പിക്കുന്നു എന്ന വസ്തുതയും ശ്രദ്ധേയമാണ്. 15.7 ശതമാനം മാത്രമാണ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് നേട്ടമാണെന്ന് കരുതുന്നത് കേവലം 12 ശതമാനവും. 

ENGLISH SUMMARY; BJP chief min­is­ters unpop­u­lar: Survey
You may also like this video

Exit mobile version