Site iconSite icon Janayugom Online

ബിജെപി സഹകരണ സംഘം തട്ടിപ്പ്; 40 കേസുകൾ രജിസ്റ്റര്‍ ചെയ്തു

ThiruvithamcoreThiruvithamcore

ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിൽ ഫോർട്ട്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 40 കേസുകൾ. ഇതിൽ ബിജെപി മുൻ സംസ്ഥാന വക്താവും സംഘം ഭരണസമിതി മുൻ പ്രസിഡന്റുമായ എം എസ് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
ഇന്നലെയെടുത്ത ഒരു പരാതിയിൽ എം എസ് കുമാറിനെ ഒന്നാം പ്രതിയാക്കിയും മുൻ സെക്രട്ടറി ഇന്ദുവിനെ രണ്ടും വൈസ്‌ പ്രസിഡന്റായിരുന്ന മാണിക്യത്തെ മൂന്നും പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റ് ബോർഡംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. 112 ലേറെ പേരാണ് പരാതി നല്‍കിയിട്ടുള്ളത്.

ഇന്നലെ മാത്രം അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലെണ്ണം ഫോർട്ട് സ്റ്റേഷനിലും ഒരെണ്ണം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലുമാണ്. സഹകരണ രജിസ്ട്രേഷൻ വകുപ്പിന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ആരൊക്കെയാണ് ക്രമക്കേടുകൾ നടത്തിയതെന്ന് സഹകരണവകുപ്പിന്റെ മൂല്യനിർണയത്തിലൂടെയാണ് കണ്ടെത്തുക. 

നിലവിൽ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാനുണ്ടെന്ന് കാണിച്ച് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അഞ്ച് കോടിയ്ക്ക് മുകളിലെത്തിയാൽ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. ബിജെപി നേതാവ് എം എസ് കുമാർ (പ്രസിഡന്റ്), മുൻ കൗൺസിലർ ജി മാണിക്യം (വൈസ് പ്രസിഡന്റ്), എം ശശിധരൻ, എസ് ഗോപകുമാർ, കെ ആർ സത്യചന്ദ്രൻ, എസ് ഗണപതി പോറ്റി, ജി ബിനുലാൽ, സി എസ് ചന്ദ്രപ്രകാശ്, ടി ദീപ, കെ എസ് രാജേശ്വരി, ചന്ദ്രിക നായർ എന്നിവരാണ് 2019 മുതൽ 24 വരെയുള്ള ഭരണസമിതി അംഗങ്ങൾ. തകരപ്പറമ്പ്, മണക്കാട്, കണ്ണമ്മുല, ശാസ്തമംഗലം എന്നിങ്ങനെ നാല് ശാഖകൾ ഉള്ള സംഘമാണ് തിരുവിതാംകൂർ. 

Exit mobile version