Site icon Janayugom Online

കര്‍ണാടകയില്‍ സമുദായം നിര്‍ണായകം; വോട്ടുകള്‍ ഉറപ്പാക്കാന്‍ ബിജെപി-കോണ്‍ഗ്രസ് മത്സരം തുടങ്ങി

ബംഗളൂരു: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി കർണാടകയിലെ പ്രധാന പാർട്ടികൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂർ മേഖലയിലാണ് കോൺഗ്രസും ജെഡിഎസും ബിജെപിയും കാര്യമായി ശ്രദ്ധയൂന്നുന്നത്. എങ്കിലും സമുദായ വോട്ടുകളില്‍ തന്നെയാണ് എല്ലാ പാര്‍ട്ടികളും കണ്ണുവയ്ക്കുന്നത്.
1983, 2004, 2008, 2018 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പഴയ മൈസൂർ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക എന്നീ മൂന്ന് പ്രധാന മേഖലകളിൽ ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം നേടാനായിരുന്നില്ല. തമിഴ് വോട്ടര്‍മാരും പഴയ മൈസൂർ മേഖലയിൽ വൊക്കലിംഗകളുമാണ് ആധിപത്യം പുലർത്തുന്നത്. തമിഴ് വോട്ടർമാർ ആധിപത്യമുള്ള ഈ മേഖലയിൽ പൊതുവേ ജെഡിഎസിനാണ് മുൻതൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ വർഷങ്ങളില്‍ ബിജെപിയും കോൺഗ്രസും ശക്തമായ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

1983ൽ മൈസൂർ മേഖലയിൽ ജെഡിഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അപ്പോള്‍ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. 2004ൽ പഴയ മൈസൂർ മേഖലയിലും ഹൈദരാബാദ് കർണാടക മേഖലയിലും തിരിച്ചടി നേരിട്ട ബിജെപിയുടെ അംഗബലം കുറഞ്ഞു. എന്നാല്‍ 2008ലെ തെരഞ്ഞെടുപ്പിൽ പഴയ മൈസൂർ മേഖലയിൽ ബിജെപി മുന്നേറ്റമുണ്ടാക്കി. പക്ഷേ മുംബൈ കർണാടക മേഖലയിൽ മോശം പ്രകടനം ഭരണം നഷ്ടമാക്കി.

2018 ലെ തെരഞ്ഞെടുപ്പിൽ മുംബൈ-കർണാടകയിലും തീരദേശ മേഖലയിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ പഴയ മൈസൂർ മേഖലയിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. 1989,1999,2013 വർഷങ്ങളിൽ മാത്രമാണ് പഴയ മൈസൂർ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക മേഖലകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. അപ്പോഴൊക്കെ സംസ്ഥാനം ഭരിക്കാൻ അവർക്ക് കഴിഞ്ഞു. ഇത്തവണയും സമാനമായ പ്രകടനമാണ് അവർ ലക്ഷ്യമിടുന്നത്. ഇത്തവണ കോൺഗ്രസും ജെഡിഎസും വെവ്വേറെ മത്സരിക്കുമ്പോൾ വോട്ട് വിഭജിക്കാനുള്ള സാധ്യത കൂടുതലാണ്.
ആരോപണപ്രത്യാരോപണങ്ങളുമായി നേതൃത്വങ്ങള്‍ സജീവമായിട്ടുണ്ട്. അഴിമതിയും കമ്മിഷനും വർഗീയതയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിജെപി കർണാടകയ്ക്ക് നൽകിയ മൂന്ന് സംഭാവനകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നേതാവ് കൂടിയായ കരാറുകാരൻ സന്തോഷ് പാട്ടീൽ കമ്മിഷൻ ഭീഷണിയെ തുടർന്ന് ഈ നഗരത്തിൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായി. മന്ത്രിമാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്ന് ആരോപിച്ച് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിരവധി കത്തയച്ചിരുന്നു. 

ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനം 2500 കോടി രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പാര്‍ട്ടി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ മന്ത്രിമാരുടെ അനധികൃത ക്രഷറുകളിലും മണൽ ഖനനത്തിലും കമ്മീഷൻ ശതമാനം 50–70 ശതമാനമായി ഉയർന്നുവെന്ന് എഐസിസി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

Eng­lish Sum­ma­ry: BJP-Con­gress com­pe­ti­tion to secure votes has started

You may also like this video

Exit mobile version