Site icon Janayugom Online

ബിജെപി, കോണ്‍ഗ്രസ് അഞ്ചാം പട്ടിക പുറത്തിറക്കി; കെ സുരേന്ദ്രന്‍ വയനാട്ടില്‍

krishnakumar

ബിജെപിയും കോണ്‍ഗ്രസും അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടി എന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാര്‍ എന്നിവരാണ് കേരളത്തിലെ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. വയനാട്ടില്‍ ആനി രാജ എല്‍ഡിഎഫിനായും രാഹുല്‍ ഗാന്ധി യുഡിഎഫിനായും മത്സരിക്കുന്നു. 

111 പേരടങ്ങിയ അഞ്ചാംഘട്ട പട്ടികയില്‍ മനേക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ പിലിഭിത്ത് സിറ്റിങ് എംപി വരുണ്‍ ഗാന്ധി ഇടംപിടിച്ചില്ല. വരുണിന്റെ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് സ്ഥാനാര്‍ത്ഥി. മനേക ഗാന്ധി സുല്‍ത്താന്‍പുരില്‍ ജനവിധി തേടും. ബിഹാറിലെ ബെഗുസരായിയില്‍ നിലവിലെ എംപി ഗിരിരാജ് സിങ് തന്നെ മത്സരിക്കും. ഇവിടെ ഇന്ത്യ സഖ്യത്തില്‍ സിപിഐയുടെ അവധേഷ് കുമാര്‍ റായിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ഇന്ന് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും പ്രമുഖ വ്യവസായിയുമായ നവീന്‍ ജിന്‍ഡല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടി. കുരുക്ഷേത്ര മണ്ഡലമാണ് ലഭിച്ചത്. ഝാര്‍ഖണ്ഡില്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സീതാ സൊരേന്‍ ദുംകയിലും ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചലിലെ മണ്ഡിയിലും മത്സരിക്കും. കേന്ദ്രമന്ത്രി ജനറല്‍ വി കെ സിങ് മത്സരരംഗത്തു നിന്നും ഒഴിവായി. ഇദ്ദേഹത്തിന് ഇത്തവണ സീറ്റ് നിഷേധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

കോണ്‍ഗ്രസ് മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് അഞ്ചാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ജയ്പൂരില്‍ സിറ്റിങ് എംപി സുനില്‍ ശര്‍മ്മയ്ക്ക് പകരം പ്രതാപ് സിങ് ഖചരിയവാസ് മത്സരിക്കുന്നതാണ് ശ്രദ്ധേയമായ മാറ്റം. 

Eng­lish Sum­ma­ry: BJP, Con­gress release fifth list; K Suren­dran in Wayanad

You may also like this video

Exit mobile version