Site iconSite icon Janayugom Online

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിച്ച് ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് പൂർണമായും ഇടതുവിരുദ്ധമാവുകയും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നടപടി. കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ പാർട്ടി ബാധ്യസ്ഥമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

എന്നാൽ തുടർച്ചയായി കേന്ദ്ര ഭരണകൂടത്തിനും ബിജെപിയ്ക്കും കീഴടങ്ങിയ തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സമീപകാല പ്രവർത്തനം. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളെ മുഴുവൻ തള്ളിക്കളയുകയും വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പാർട്ടി പരിപാടികളിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയതിന് പിന്നാലെയാണ് ബഹിഷ്ക്കരണം പിൻവലിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അവസരം നൽകിയാൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ഇദ്ദേഹം ഇതിനായുള്ള നീക്കങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിക്കുമെന്നും എവിടെ മത്സരിക്കാൻ അവസരം കിട്ടിയാലും മത്സരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മത്സര നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റിനെ ബഹിഷ്ക്കരിച്ചുകൊണ്ടുള്ള നടപടി പ്രതികൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖറിന് കൃത്യമായ ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ട് തീരുമാനം മാറ്റിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമ പ്രവർത്തകർക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചുതരാൻ സാധിക്കില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്.
തുടർച്ചയായി കള്ളപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരിക്കാൻ നേരത്തെ ബിജെപി തീരുമാനിച്ചത്. ഇതോടെ ഏഷ്യാനെറ്റിന്റെ ചർച്ചകളിലും പരിപാടികളിലും ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ അപഹാസ്യമാക്കി അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ സ്വച് ഭാരത് അഭിയാൻ പദ്ധതി വിലകുറച്ചു കാണിച്ചു, കേന്ദ്ര സർക്കാർ മരുന്ന് വില വർധിപ്പിക്കുന്നുവെന്ന് വ്യാജ പ്രചരണം കേരളത്തിൽ നടത്തിയെന്നൊക്കെ ആരോപിച്ചായിരുന്നു ബഹിഷ്ക്കരണ തീരുമാനം.

Eng­lish Summary:BJP ends non-coop­er­a­tion with Asianet News
You may also like this video

Exit mobile version