Site iconSite icon Janayugom Online

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരികരണത്തിലെ ബിജെപി പരാജയം: എംഎല്‍എമാര്‍ തങ്ങളെ സമീപിക്കുന്നതായി കോണ്‍ഗ്രസ്

congress bjpcongress bjp

തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത ബിജെപിയുടെ ശോചനീയാവസ്ഥ എടുത്തുകാട്ടി കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎല്‍എമാര്‍ തങ്ങളെ സമീപിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബിജെപിയിൽ കാര്യങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാണ്, ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നിയമസഭാംഗവുമായ ദിഗംബർ കാമത്ത് പറഞ്ഞു. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഗോവയിൽ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടത് അത് തെളിയിക്കുന്നതായും കാമത്ത് പറഞ്ഞു.

ബിജെപിയുടെ പക്ഷത്ത് 20ലധികം എംഎല്‍എമാര്‍ ഉണ്ടെന്നുള്ള അവകാശവാദം ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സർക്കാര്‍ രൂപീകരിക്കുന്നതിലുള്ള കാലതാമസം ബിജെപി വിശദീകരിക്കണമെന്നും അല്ലെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള കഴിവില്ലായ്മ പരസ്യമായി സമ്മതിക്കണമെന്നും കാമത്ത് പറഞ്ഞു.

ബിജെപി ഇതര സര്‍ക്കാര്‍ ഗോവയില്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.വെള്ളിയാഴ്ച ഹോളിക്ക് ശേഷം സർക്കാർ രൂപീകരണം നടക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും അത് നടന്നില്ല.സർക്കാർ രൂപീകരണത്തിന് നേതൃത്വം നൽകുന്നതിനായി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംഎൽഎമാർ കോൺഗ്രസിനെ സമീപിച്ചിട്ടുണ്ടെന്നും കാമത്ത് പറഞ്ഞു.

ഇതൊരു ഭരണഘടനാ തകർച്ചയാണെന്നും പ്രമോദ് സാവന്തിനെ ഇടക്കാല മുഖ്യമന്ത്രിയായി നിയമിച്ച ഗവർണർക്ക് നിശബ്ദ കാഴ്ചക്കാരനാകാൻ കഴിയില്ലെന്നും കോൺഗ്രസ് എംഎൽഎയുമായ കാർലോസ് ഫെരേര പറഞ്ഞു.അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗോവ നിയമസഭയിലെ 40 സീറ്റുകളിൽ 20 സീറ്റുകളും ബിജെപി നേടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ (എംജിപി) മൂന്ന് സ്വതന്ത്രരും രണ്ട് എംഎൽഎമാരും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

കോൺഗ്രസ് 11 സീറ്റുകളും സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയും ഹോംഗ്രൗൺ റവല്യൂഷണറി ഗോവൻസ് പാർട്ടിയും ഓരോ സീറ്റ് വീതവും എഎപിയും എംജിപിയും രണ്ട് സീറ്റുകൾ വീതവും മുൻ കോൺഗ്രസ് എംഎൽഎ അലക്‌സോ റെജിനൽഡോ ലോറൻകോ ഉൾപ്പെടെ മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.

അതേസമയം അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ഗോവിന്ദ് ഗൗഡെ പറഞ്ഞു. സർക്കാർ രൂപീകരണത്തിൽ കാലതാമസം വരുത്തിയതിന് ഞങ്ങളെ കുറ്റപ്പെടുത്താൻ കോൺഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. 2017ൽ അവർക്ക് 17ഉം ബിജെപിക്ക് 13ഉം എംഎൽഎമാരുണ്ടായിരുന്നു എന്നിട്ടും അവർക്ക് സർക്കാർ രൂപീകരിക്കാനായില്ല. തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, ഔപചാരിക പ്രഖ്യാപനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, ഗൗഡ് പറഞ്ഞു.

 

Eng­lish Sum­ma­ry: BJP fails to form gov­ern­ment in Goa: Con­gress says MLAs are approach­ing them

You may like this video also

Exit mobile version