Site iconSite icon Janayugom Online

കോര്‍പറേറ്റ് ഫണ്ടില്‍ 90 ശതമാനവും ബിജെപിക്ക്

2022–23 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ഫണ്ടില്‍ നിന്നുള്ള ബിജെപിയുടെ വിഹിതം 680.49 കോടി രൂപ. കോണ്‍ഗ്രസ്, എഎപി, എന്‍പിപി, സിപിഐ(എം) തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച തുകയാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് വന്നു മറിഞ്ഞത്. കോര്‍പറേറ്റ് ഫണ്ടിന്റെ 90 ശതമാനവും ലഭിച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് മാത്രമായിരുന്നുവെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് എട്ടു മടങ്ങ് അധികമാണിത്. 3,067 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായി ബിജെപിക്ക് 610. 49 കോടി രൂപയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 70 സ്ഥാപനങ്ങളില്‍ നിന്ന് 55.62 കോടി രൂപ ലഭിച്ചു. എഎപിക്ക് 69 സ്ഥാപനങ്ങളില്‍ നിന്നും 11.26 കോടി, 104 സ്ഥാപനങ്ങളില്‍ നിന്നും സിപിഐ(എം) ന് 2.08 കോടി, എട്ട് കമ്പനികളില്‍ നിന്നും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 1.03 കോടിയും ലഭിച്ചു. മായാവതിയുടെ ബിഎസ‌്പിക്ക് കോര്‍പറേറ്റ് കമ്പനികളില്‍ നിന്നും സംഭാവന ലഭിച്ചില്ലെന്നാണ് വിവരം. 

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 263.06 കോടി രൂപയാണ് പാര്‍ട്ടി ഫണ്ടായി നല്‍കിയത്. ഗുജറാത്ത് 134.64 കോടി, മഹാരാഷ്ട്ര 77.53 കോടി രൂപ, കര്‍ണാടക 71.29 കോടി രൂപ എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള സംഭാവന വിവരം.
പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സംഭാവനയുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവന വിവരമാണ് കമ്മിഷന് സമര്‍പ്പിക്കേണ്ടത്. നേരത്തെ ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച തുകയിലും ബിജെപി മറ്റ് പാര്‍ട്ടികളെ കടത്തിവെട്ടി മുന്‍പന്തിയില്‍ എത്തിയിരുന്നു. 

Eng­lish Sum­ma­ry: BJP has 90 per­cent of cor­po­rate funds

You may also like this video

Exit mobile version