ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ പകുതിയിലധികവും ലഭിച്ചത് ബിജെപിക്ക്. 2021–22 വര്‍ഷത്തിലെ എട്ട് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനം 3289.34 കോടിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എട്ട് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 58 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. ഇക്കാലയളവിലെ ബിജെപിയുടെ വരുമാനം 1917.12 കോടിയാണ്. അതേസമയം 854.46 കോടി (44.57 ശതമാനം ) മാത്രമാണ് ബിജെപി ചെലവഴിച്ചത്.
545.745 കോടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം, 268.337 കോടി (49.17 ശതമാനം) ചെലവഴിച്ചു. കോൺഗ്രസിന്റെ മൊത്തവരുമാനം 541.275 കോടിയാണ്. വരുമാനത്തിന്റെ 73.98 ശതമാനം(400.414 കോടി) ചെലവഴിച്ചു. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്‌പി, എന്‍സിപി, സിപിഐ, സിപിഐ(എം), എന്‍പിപി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍. പാര്‍ട്ടികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ ഭൂരിപക്ഷവും സമാഹരിച്ചത് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വിവരാവകാശ നിയമ പ്രകാരം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) നല്‍കിയ അപേക്ഷയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മറുപടി നല്‍കിയത്. 2021–22 കാലയളവില്‍ ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എൻസിപി എന്നീ ദേശീയ പാർട്ടികള്‍ക്കു ലഭിച്ച വരുമാനത്തിന്റെ 55.09 ശതമാനവും (1811.94) ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. ബിജെപിക്കാണ് ബോണ്ടുകള്‍ വഴി ഏറ്റവും അധികം തുക സംഭാവനയായി ലഭിച്ചത്, 1033.70 കോടി. തൃണമൂല്‍-528.14, കോണ്‍ഗ്രസ്-236, എന്‍സിപി-14 കോടി വീതമാണ് കണക്ക്. 2021–22 കാലയളവില്‍ 2673 കോടി മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വലിച്ചു. ഇതില്‍ 67.79 ശതമാനവും പിന്‍വലിച്ചത് ദേശീയ പാര്‍ട്ടികളാണെന്നും എസ്‌ബിഐ മറുപടിയില്‍ പറയുന്നു.
English Summary: BJP has the highest income among national parties
You may also like this video

