Site icon Janayugom Online

ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി കോൺഗ്രസിൽ

BJP

നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജയ നാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു വ്യാസിന്റെ കോ­ൺഗ്രസ് പ്രവേശനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദിയിലുണ്ടായിരുന്നു.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിയായിരുന്നു വ്യാസ്. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വ്യാസിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ മുൻ മന്ത്രി കൂടി പാളയം മാറിയെത്തിയത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കാനിരിക്കേ പരസ്പരം കടന്നാക്രമിച്ച് കോൺഗ്രസും ബിജെപിയും. ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഘടകങ്ങളെ പിന്തുണയ്ക്കുന്നവരെ സഹായിക്കാൻ ഗുജറാത്തിലെ ജനങ്ങൾ തയാറാകില്ലെന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ജനങ്ങൾ കോൺഗ്രസിനെ തിരസ്കരിച്ചത് പാർട്ടിയുടെ നയം കാരണം സംസ്ഥാനം വളരെയധികം ദുരിതത്തിലായപ്പോഴാണെന്നും ഭാവ്നഗർ ജില്ലയിലെ പാലിതാന പട്ടണത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെ­യ്തുകൊണ്ട് മോഡി പറഞ്ഞു, തീവ്രവാദത്തിനെതിരെ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ രണ്ട് പ്രധാനമന്ത്രിമാരെ ബലിയർപ്പിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോഡിക്ക് മറുപടി നൽകി. ബിജെപിയുടെ ഏതെങ്കിലും നേ­താക്കൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും ഖാ­ർഗെ ആവശ്യപ്പെട്ടു. ‘രാജ്യത്തെ ഒരുമയോടെ നിലനിർത്താ­ൻ ഇന്ദിരാഗാന്ധി തന്റെ ജീവൻ നൽകി, രാജ്യത്തിന്റെ ഐക്യത്തിനായി തന്നെയാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായത്’ ഖാർഗെ പറഞ്ഞു. ഇത് സംസ്ഥാന നിയമസഭയിലേക്കുള്ള തെഞ്ഞെടുപ്പാണെന്നും ഗുജറാത്തിനെ ബാധിക്കുന്ന വിഷയങ്ങളുമായി ഞങ്ങൾ ഇവിടെയുണ്ടെന്നും ഖാർഗെ പറഞ്ഞു. 

അതിനിടെ ഗുജറാത്തിൽ നിശ്ശബ്ദ തരംഗം ആഞ്ഞടിക്കുമെന്നും തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും കോൺഗ്രസ് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. സ്വേ­ച്ഛാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരായ തെരഞ്ഞെടുപ്പാണെന്നും വദ്ഗാമിൽ നിന്ന് രണ്ടാം തവണയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മേവാനി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബർ ഒന്നിനും അവസാനഘട്ടം അഞ്ചിനും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 

Eng­lish Sum­ma­ry: BJP hit back in Gujarat; For­mer min­is­ter in Congress

You may like this video

Exit mobile version