Site iconSite icon Janayugom Online

നാലിടത്ത് ബിജെപി

ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പുരിലും ഭരണത്തുടര്‍ച്ച ഉറപ്പാക്കി ബിജെപി. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരുടെ സഹായത്തോടെ അധികാരം നിലനിര്‍ത്തി. മൂന്നുപതിറ്റാണ്ടുകള്‍ക്ക് ശേഷം ഭരണത്തുടര്‍ച്ച ഉണ്ടായ യുപിയില്‍ ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ 403 ല്‍ ബിജെപി 274 മണ്ഡലങ്ങളില്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 48 സീറ്റുകള്‍ കുറഞ്ഞു. വന്‍ മുന്നേറ്റം നടത്തിയ സമാജ് വാദി പാര്‍ട്ടി-ആര്‍എല്‍ഡി സഖ്യത്തിന് 124 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ബിഎസ്‌പി ഒരുസീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റിലും വിജയിച്ചു. 2017 തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്. എസ്‌പി 47 സീറ്റുകളില്‍ നിന്നും കുതിച്ചുകയറി. 72 സീറ്റുകള്‍ കൂടുതലായി നേടാന്‍ കഴിഞ്ഞു. ബിഎസ്‌പി 19 സീറ്റില്‍ നിന്നാണ് ഒരു സീറ്റിലേക്ക് ചുരുങ്ങിയത്, ഏഴ് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയില്‍ രണ്ടു സീറ്റിലൊതുങ്ങി. മണിപ്പുരില്‍ ആകെയുള്ള 60 നിയമസഭാ സീറ്റില്‍ 32 സീറ്റുകള്‍ ബിജെപി നേടി. ബിരേന്‍ സിങ് തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയാകും. 54 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സഖ്യത്തിന് പുറത്ത് തനിച്ച് മത്സരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഏഴ് സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ജെഡിയു ആറ് സീറ്റുകളും മറ്റുള്ളവര്‍ പത്ത് സീറ്റുകളും നേടി. 2017 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസ് ആയിരുന്നു. ഇത്തവണ 23 സീറ്റുകള്‍ നഷ്ടമായി. എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് പ്രവചിച്ച ഉത്തരാഖണ്ഡില്‍ ഫലം മറിച്ചായി. ബിജെപിയോട് ഏറെനേരം പൊരുതിനില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. എന്നാല്‍ നിലവിലെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് പരാജയം നേരിട്ടത് ബിജെപിക്ക് തിരിച്ചടിയായി. ബിജെപി 48 സീറ്റിലും കോണ്‍ഗ്രസ് 18 സീറ്റിലും ബിഎസ്‌പി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും വിജയിച്ചു. ​ഗോവയില്‍ 40 അം​ഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞതവണയുണ്ടായിരുന്ന 13 സീറ്റുകളെന്ന നില 20 സീറ്റുകളിലേക്ക് ബിജെപി മെച്ചപ്പെടുത്തി. കോണ്‍ഗ്രസ് 12 സീറ്റുകളിലും തൃണമൂല്‍ രണ്ട് സീറ്റുകളിലും വിജയിച്ചു. മൂന്ന് സീറ്റുകള്‍ വീതം എഎപിയും സ്വതന്ത്രരും നേടി.

Eng­lish sum­ma­ry; BJP in four seats

You may also like this video;

Exit mobile version