സംസ്ഥാന നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യ പ്രതികരണം നടത്തിയ സന്ദീപ് വാര്യർക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വോട്ട് വേണ്ട, നോട്ട് മതി എന്ന് മുന്‍ എംപി കെ മുരളീധരന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് ബിജെപിയിലെ സന്ദീപ് വാര്യരുടെ നിലപാടുകള്‍.
സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായതു മുതല്‍ ഇടഞ്ഞുനിന്നിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജനെ അനുനയിപ്പിക്കുന്നതിന് കെ സുരേന്ദ്രനും, വി മുരളീധരനും നേരിട്ടെത്തി ചര്‍ച്ച നടത്തേണ്ടി വന്നു. തുടര്‍ന്നാണ് അദ്ദേഹം പ്രചരണത്തിനിറങ്ങിയത്. എന്നാല്‍ നിരവധി കൗണ്‍സിലര്‍മാര്‍ പനി, മുട്ടിന് വേദന, അമ്മയ്ക്ക് സുഖമില്ല തുടങ്ങിയ ഒഴിവു കഴിവുകള്‍ പറഞ്ഞും പ്രചരണത്തിന് ഇറങ്ങാത്തതിന് പിന്നില്‍ സി കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പാണ്.
സന്ദീപിന്റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി അദ്ദേഹം ഉപയോഗിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തന്റെ അമ്മ മരിച്ചപ്പോൾ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വിളിക്കുകയോ, വീട്ടില്‍ വരികയോ ചെയ്തില്ലെന്ന സന്ദീപ് വാര്യരുടെ പരാതിയില്‍ കാര്യമില്ലെന്നും എല്ലാവരും പോയിരുന്നുവെന്നും സന്ദീപിന്റെ ഉദ്ദേശ്യം എന്താണെന്ന് നോക്കിയാകും തുടര്‍ നടപടിയെന്നുമാണ് കെ സുരേന്ദ്രന്റെ മറുപടി.
സന്ദീപിന്റെ പ്രശ്നങ്ങളില്‍ സി കൃഷ്ണകുമാര്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും ഇല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നുമുള്ള എന്‍ ശിവരാജന്റെ പ്രതികരണവും ബിജെപിക്കുള്ള താക്കീതായി മാറുകയാണ്.