തെരഞ്ഞെടുപ്പ് കമ്മിഷനെ ചൊല്‍പ്പടിയില്‍ നിര്‍ത്തിക്കൊണ്ട് ബിജെപി ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. സിപിഐ തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറുക്കുവഴിയിലൂടെ അധികാരത്തില്‍ വരുവാനുള്ള പരിശ്രമങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് തെരഞ്ഞെടുപ്പ് കമ്മിഷനെ എത്തരത്തില്‍ ഉപയോഗിക്കുന്നു എന്നത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കണക്കുകള്‍ വച്ച് സമര്‍ത്ഥിച്ചു. ഒറ്റ മണ്ഡലത്തില്‍ മാത്രം രണ്ട് ലക്ഷം ഇല്ലാത്ത വോട്ടുകള്‍ ചേര്‍ത്തതായാണ് ഇന്ന് പുറത്തുവന്ന വിവരം. വോട്ടര്‍പട്ടിക ശുദ്ധീകരണം എന്ന പേരുപറഞ്ഞുകൊണ്ട് 63 ലക്ഷം ആളുകളെയാണ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണറെക്കൂടി ഉപയോഗിച്ച് കൊണ്ട് ബിജെപി ഭരണഘടന ഉറപ്പ് വരുത്തുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘ്പരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വേട്ടയാടല്‍ ഇന്ത്യയുടെ മതേതര സങ്കല്പങ്ങളെ മുറിവേല്പിക്കുന്നു. രാജ്യസ്നേഹം കേന്ദ്രസര്‍ക്കാരിനോടുള്ള വിധേയത്വമാണെന്ന വ്യാഖ്യാനം ഭരണകൂടം നല്‍കിക്കൊണ്ടിരിക്കുന്നു. ഇതിനെതിരായി വ്യാപകമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ് രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി ദിവാകരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി കെ രാജു സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പ്രമേയം എം ജി രാഹുലും രക്തസാക്ഷി പ്രമേയം പള്ളിച്ചൽ വിജയനും അനുശോചന പ്രമേയം സോളമൻ വെട്ടുകാടും അവതരിപ്പിച്ചു. നാളെ പുതിയ ജില്ലാ കൗണ്‍സിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കും. വൈകിട്ട് സമ്മേളനം സമാപിക്കും.

