Site icon Janayugom Online

കര്‍ണാടകയില്‍ ടിപ്പുുവും കളംപിടിക്കുന്നു; മതവൈരം പടര്‍ത്തി വോട്ടാക്കാന്‍ ബിജെപി നീക്കം,ഡി കെ ശിവകുമാര്‍ ടിപ്പു കുടുംബാംഗമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

കര്‍ണാടകയില്‍ മതവൈരം വളര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തില്‍ ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ വര്‍ഗീയ പ്രസ്താവനകള്‍ തുടരുകയാണ് ബിജെപി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ട് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളുമായി രംഗത്തുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബാംഗമാണെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാല്‍ സംസ്ഥാനം പിഎഫ്ഐയുടെ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) താഴ്‌വരയായി മാറുമെന്നും ഗോണികൊപ്പയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഹിമന്ത ആരോപിച്ചു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടിപ്പു സുല്‍ത്താന്റെ അന്ത്യവുമായി ബ­ന്ധപ്പെട്ട നുണക്കഥയും ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിംഗക്കാരില്‍നിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുവിനെ വധിച്ചതെന്നാണ് നുണപ്രചാരണം.
അതേസമയം സംഘ്പരിവാര്‍ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ ‘ടിപ്പു നിജ കനസുഗളു’ എന്ന നാടകത്തിലെ സാങ്കല്പിക കഥാപാത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍. നാടകത്തില്‍ ഇവര്‍ ടിപ്പുവിനെ കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ടിപ്പുവിന്റെ സൈന്യത്തിലും മറ്റുമായി നല്ലൊരു ശതമാനം വൊക്കലിഗക്കാരായിരുന്നു. കാലങ്ങളായി ഇരുവിഭാഗങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്. കുപ്രചാരണം നടത്തി ഇവര്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
എന്നാല്‍, ടിപ്പുവിനെ ഏറെ ആദരവോടെ കാണുന്ന വൊക്കലിംഗക്കാരില്‍നിന്നുതന്നെ ഇതിനെതിരെ വ്യാപക എതിര്‍പ്പുണ്ടായതോടെ സംഘ്പരിവാര്‍ പ്രതിരോധത്തിലായിട്ടുണ്ട്.

eng­lish summary;BJP is try­ing to gain advan­tage in the elec­tions by incit­ing reli­gious ani­mos­i­ty in Karnataka

you may also like this video;

Exit mobile version